യുവതിയുടെ മരണം; കൊവിഡ് വാക്സിന്‍ എടുത്തതിനെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കള്‍

Tuesday, August 24, 2021

പത്തനംതിട്ട : തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവതിയുടെ മരണം കൊവിഡ് വാക്സിനേഷനെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കള്‍. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പിൽ ജിനു ജി കുമാറിന്‍റെ ഭാര്യ ദിവ്യ ആർ നായർ (38) ആണ് മരിച്ചത്.

കോവിഡ് പ്രതിരോധ വാക്സിൻ എടുത്തതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓഗസ്റ്റ് രണ്ടിന് ദിവ്യ കടമ്മനിട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ വിട്ടുമാറാത്ത തലവേദന ഉണ്ടായതിനെ തുടർന്ന് കോഴ‍ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ചു മസ്തിഷ്കാഘാതമുണ്ടായി. തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

2 തവണ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലിലെ തടസം മാറ്റിയെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോർ ഒരു ശതമാനമേ പ്രവർത്തിക്കുന്നുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.  ഇതിന് പിന്നാലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.

ദിവ്യയുടെ അവസ്ഥ സംബന്ധിച്ച് അധികൃതർക്ക് നേരത്തെ തന്നെ പരാതി നൽകിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അന്വേഷണം ആരംഭിച്ചതായി ഡിഎംഒ ഡോ. എ.എൽ ഷീജ പറഞ്ഞു.