പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനുമെതിരെ നടപടി. ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന അബ്ദുല്‍ സലാം, വൈസ് പ്രിന്‍സിപ്പല്‍ സജി ജോസഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പലിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രിന്‍സിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന് അമ്മു സജീവിന്റെ കുടുംബം ആരോപിച്ചിരുന്നു. ആരോഗ്യ സര്‍വകലാശാലയുടെ അന്വേഷണ സമിതി ഇത് പരിശോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
നവംബര്‍ 15 നാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന് അമ്മു സജീവ് ചാടി മരിക്കുന്നത്. അന്നേദിവസം സഹപാഠികളും അധ്യാപകനും ചേര്‍ന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ മാരക പരിക്കുകളും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മുവിന്റെ സഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് പരാതി. മൂന്ന് സഹപാഠികള്‍ അറസ്റ്റിലായെങ്കിലും അധ്യാപകനെതിരെ ഇതുവരെയും നടപടി എടുത്തിട്ടില്ല.
അധ്യാപകനായ സജി, ചുട്ടിപ്പാറ നേഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരെ കൂടി കേസില്‍ പ്രതിചേര്‍ക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടികള്‍ക്കിടയില്‍ തുടക്കത്തില്‍ ഉണ്ടായ ചെറിയ പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പല്‍ പരിഹരിച്ചില്ലെന്നും പിന്നീട് രേഖാമൂലം നല്‍കിയ പരാതി അവഗണിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്.