വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2-ാം വർഷ ബിവിഎസ്‌സി വിദ്യാർത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർത്ഥൻ (20) നേരിട്ടത് ക്രൂര പീഡനങ്ങള്‍. കേസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 6 പേർ അറസ്റ്റിലായിട്ടുണ്ട്. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർത്ഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യാ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പോലീസ് പറഞ്ഞു.
വെറ്റിനറി യൂണിവേഴ്സിറ്റി എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഇടുക്കി രാമക്കല്‍ മേട് പഴയടത്ത് വീട്ടില്‍ എസ്. അഭിഷേക് (23), തിരുവനന്തപുരം പാലക്കണ്ടിയില്‍ വീട്ടില്‍ രെഹാന്‍ ബിനോയ് (20), കൊഞ്ചിറവിള വിജയമ്മ നിവാസില്‍ എസ്.ഡി ആകാശ് (22), നന്ദിയോട് ശ്രീനിലയം വീട്ടില്‍ ആര്‍.ഡി ശ്രീഹരി(23) തൊടുപുഴ മുതലക്കോടം തുറക്കല്‍ പുത്തന്‍പുരയില്‍ വീട്ടില്‍ ഡോണ്‍സ് ഡായ് (23), വയനാട് ബത്തേരി ചുങ്കം തെന്നിക്കോട് വീട്ടില്‍ ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 14 മുതൽ 18-ന് ഉച്ച വരെ സിദ്ധാർത്ഥൻ ക്രൂര മർദ്ദനത്തിനിരയായെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദ്ദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദ്ദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഈ വിദ്യാർത്ഥി പറയുന്നു. കാര്യങ്ങളെല്ലാം കോളേജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നു. ഫെബ്രുവരി 16 മുതല്‍ സിദ്ധാർത്ഥന്‍ നേരിട്ടത് ക്രൂര പീഡനമാണെന്ന് വ്യക്തമാക്കുന്നതാണ് ദൃക്സാക്ഷി മൊഴി. ഫെബ്രുവരി 17-ന് ഹോസ്റ്റലിന്‍റെ നടുമുറ്റത്തു പരസ്യവിചാരണ നടത്തുകയും നഗ്നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ടം ചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഫെബ്രുവരി 18-ന് ഉച്ചയോടെ സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സഹപാഠികൾ കണ്ടെത്തുകയായിരുന്നു.