മുഖ്യമന്ത്രി പിണറായീ, കേരളം വില്‍പ്പനയ്ക്കല്ല !

 

ബി.എസ് ഷിജു

രണ്ടായിരമാണ്ടിൽ അമേരിക്കൻ പ്രസിഡന്‍റായിരുന്ന ബിൽ ക്ലിന്‍റന്‍റെ ഇന്ത്യ സന്ദർശന പശ്ചാത്തലത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്ന പ്രകാശ് കാരാട്ട് ‘പ്രസിഡന്‍റ് ക്ലിന്‍റൺ; ഇന്ത്യ വിൽപ്പനയ്ക്കല്ല’ എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതിയിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തോടും ഫൈസർ പോലുള്ള ബഹുരാഷ്ട്ര കുത്തക മരുന്നു കമ്പനികളോടുമുള്ള പാർട്ടിയുടെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു ലേഖനം. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയും ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ഏഷ്യൻ വികസന ബാങ്ക് (എഡിബി) എന്നിവയ്ക്കെതിരെയും സിപിഎം നയിച്ച സമരങ്ങൾ കേരള ജനത ഇനിയും മറന്നിട്ടില്ല. ലോക പോലീസ് ചമയുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയും ഇന്ത്യയെ ലോകബാങ്കിനും ഐഎംഎഫിനും അടിയറവ് വെക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചും അവർ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഇന്നും ഓർമ്മകളിലുണ്ട്. അതേ പാർട്ടിയുടെ കേരളത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയൻ അമേരിക്കൻ സാമ്രാജ്യത്വത്തിന്‍റെ വിനീത വിധേയനായി മാറുന്നതും ബഹുരാഷ്ട്ര കുത്തകകളെ പച്ചപ്പരവതാനി വിരിച്ച് ആനയിക്കുന്നതുമാണ് വർത്തമാനകാല കാഴ്ച.

ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഏറ്റവും കൂടുതൽ തവണ അമേരിക്ക സന്ദർശിച്ച ഇടത് മുഖ്യമന്ത്രിയെന്ന ഖ്യാതി നേടിയെടുക്കാൻ പിണറായി വിജയനായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ അമേരിക്കൻ സന്ദർശനങ്ങളും ദുരൂഹമാണെന്ന ആരോപണം നേരത്തെ തന്നെ അന്തരീക്ഷത്തിലുണ്ട്. ഏറ്റവുമൊടുവിൽ നടത്തിയ അമേരിക്കൻ സന്ദർശനത്തിന്‍റെ അജണ്ടയും ചോദ്യങ്ങൾ ഉയർത്തുന്നു. ലോക കേരള സഭയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നത് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ അമേരിക്കൻ സന്ദർശനത്തിനിടെ രണ്ട് പ്രധാന കൂടിക്കാഴ്ചകൾ നടക്കുകയുണ്ടായി. ലോക ബാങ്ക് പ്രതിനിധികളുമായുള്ളതായിരുന്നു ഒന്നാമത്തേത്. രണ്ടാമത്തേത് ബഹുരാഷ്ട്ര മരുന്ന് ഭീമനായ ഫൈസറിന്‍റെ പ്രതിനിധികളുമായുള്ളതും. ലോക ബാങ്ക് ആസ്ഥാനത്തെത്തിയുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന് 1228 കോടി രൂപയുടെ വായ്പ ലഭ്യമാകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായി.

2005-ൽ ഡൽഹിയിലെ ജലവിതരണ പദ്ധതിക്ക് 6 വർഷത്തേക്ക് 120 കോടി രൂപ ലോകബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിനെതിരെ സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾ വലിയ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. നീക്കത്തിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്‍റെ ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ഉൾപ്പെടെ നാല് ഇടതുപാർട്ടി നേതാക്കൾ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന് കത്തെഴുതി. ലോക ബാങ്ക് നൽകുന്ന വായ്പയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും കഠിനവും ഏകപക്ഷീയവുമാണെന്നായിരുന്നു കത്തിലെ പ്രധാന ആരോപണം. ഭീമമായ പലിശയും ഏകപക്ഷീയ വ്യവസ്ഥകളും അടങ്ങുന്ന വായ്പ എന്തിനെടുക്കുന്നുവെന്നും ഇതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇത്തരത്തിൽ എതിർപ്പുമായെത്തിയ അതേ സിപിഎം നേതൃത്വം നൽകുന്ന സർക്കാരാണ് ഇപ്പോൾ കേരളത്തിന് 1228 കോടി രൂപ വായ്പ എടുത്തിരിക്കുന്നത്. അതും 6.5 ശതമാനം പലിശ നിരക്കിൽ. വായ്പ 6-ാം വർഷം മുതൽ തിരിച്ചടയ്ക്കുകയും വേണം. മൊത്തം 14 വർഷത്തെ കാലാവധിയാണ്. അതായത് അടുത്തായി വരുന്ന സർക്കാരിന്‍റെ തലയിലാണ് ഈ ഭാരിച്ച ബാധ്യത വന്നു ഭവിക്കുക.

ലോകബാങ്കും, ഐഎംഎഫും അടക്കമുള്ള അന്തരാഷ്ട്ര ഏജൻസികളിൽ നിന്നും ഘടനാപരമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന പദ്ധതികൾക്കുള്ള ഗ്രാന്‍റും വായ്പകളും തങ്ങൾ നേതൃത്വം നൽകുന്ന സർക്കാരുകൾ സ്വീകരിക്കരുതെന്നതാണ് സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാട്. ഐഎംഎഫും ലോകബാങ്കും വികസ്വര രാഷ്ട്രങ്ങളിൽ തങ്ങളുടെ നയങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നതാണ് ഉയർത്തിയ വിമർശനം. വായ്പയും ഫണ്ടുകളും സ്വീകരിക്കുന്ന രാജ്യങ്ങളിൽ സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്‌മെന്‍റ് പ്രോഗ്രാം (എസ്എപി) വഴിയാണ് ഇത്തരം നയങ്ങൾ അവർ അടിച്ചേൽപ്പിക്കുന്നതെന്നായിരുന്നു വാദം. 1998 ഒക്ടോബറിൽ പ്രകാശ് കാരാട്ട് ‘ദ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ഗ്ലോബലൈസേഷൻ, ദ നേഷൻ-സ്റ്റേറ്റ് ആന്‍റ് ക്ലാസ് സ്ട്രഗിൾ’ എന്ന തലക്കെട്ടിൽ ദ മാർക്സിസ്റ്റിൽ എഴുതിയ ലേഖനത്തിൽ ഇക്കാര്യത്തിലുള്ള നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു.

”സിപിഎം നേതൃത്വത്തിലുള്ള സർക്കാരുകൾ ഘടനാപരമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന വിദേശ ഏജൻസികളുടെ പദ്ധതികൾക്ക് വായ്പയൊന്നും സ്വീകരിക്കാൻ പാടില്ല. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു സർക്കാരും കർണ്ണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ സർക്കാരുകളും ഇത്തരം വായ്പകൾ സ്വീകരിച്ചു. സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ, ചില സേവനങ്ങളുടെയും മേഖലകളുടേയും സ്വകാര്യവത്ക്കരണം എന്നിവ അടക്കം വലിയ തോതിലുള്ള നിബന്ധനകൾ ഉള്ളതാണ് ഇത്തരം വായ്പകൾ. വിദേശ ഏജൻസികളിൽ നിന്നും ഇത്തരത്തിൽ എടുക്കുന്ന വായ്പകളിലും ഗ്രാന്‍റുകളിലും ഹാനികരമായ വ്യവസ്ഥകളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഐഎംഎഫിന്‍റെയും ലോകബാങ്കിന്‍റെയും ഘടനാപരമായ ക്രമീകരണവും സ്ഥിരീകരണ പരിപാടികളും അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതനിലവാരത്തിന് നേരെയുള്ള ക്രൂരമായ ആക്രമണത്തിലേക്കാണ് നയിച്ചിരിക്കുന്നത്. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും ഗ്രാമ-നഗരങ്ങളിൽ ദരിദ്രരുടെയും സമ്പന്നരുടെയും എൻക്ലേകളുടെ സൃഷ്ടിയും സാമ്പത്തികവും സാമൂഹികവുമായ വികസനത്തെ വികലമാക്കുകയും ചെയ്യുന്നു.”-ഇങ്ങനെ നീളുന്നു കാരാട്ടിന്‍റെ വാദങ്ങൾ.

പശ്ചിമബംഗാളിലെ അവസാന സിപിഎം സർക്കാരായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വേണമെങ്കിൽ സിംഗൂരിലെ വിവാദ പദ്ധതിക്ക് ലോകബാങ്ക് പോലുള്ള വിദേശ ഏജൻസികളിൽ നിന്നും വായ്പ സ്വീകരിക്കാമായിരുന്നു. എന്നാൽ പാർട്ടിയുടെ പ്രഖ്യാപിത നിലപാടുള്ളതുകൊണ്ടാണ് അവർ സ്വകാര്യമേഖലയിൽ നിന്നും നിക്ഷേപം തേടിയത്. പ്രവർത്തന ശൈലിയിലോ, വായ്പയും ഗ്രാന്‍റും നൽകുന്നതിനുള്ള എസ്എപിയിലോ ലോകബാങ്ക് ഇതുവരെ മാറ്റം വരുത്തിയതായി അറിയില്ല. പക്ഷേ മാറ്റം ഒരു കാര്യത്തിൽ പ്രകടമാണ്. സിപിഎമ്മിന്‍റെ നിലപാടുകളിൽ. ലോക ബാങ്കിനെതിരെ തെരുവലിറങ്ങിയവർ ഇന്ന് ലോക ബാങ്കിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ലോക ബാങ്കിന് ഇന്ത്യയെ പണയം വെക്കുന്നുവെന്ന് ആരോപിച്ചവർ ഇന്ന് അതേ ലോകബാങ്ക് ആസ്ഥാനത്ത് പോയി വായ്പ വാങ്ങാൻ കാത്തുകെട്ടി നിൽക്കുന്നു. എന്തൊരു പ്രകടമായ മാറ്റം!

അമിതമായി കടമെടുക്കുന്നതിന് കേരള സർക്കാരിന് ലോക ബാങ്ക് വൈസ് പ്രസിഡന്‍റ് മാർട്ടിൻ റൈസർ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുകഴിഞ്ഞ് ദിവസങ്ങൾ പിന്നിടും മുമ്പെയാണ് വായ്പ വാങ്ങാൻ കേരള മുഖ്യമന്ത്രി ലോകബാങ്ക് ആസ്ഥാനത്തെത്തിയത്. റീ ബിൽഡ് കേരള പദ്ധതിയ്ക്കായി ലോക ബാങ്ക് നേരത്തെ അനുവദിച്ച 1750 കോടി രൂപ സർക്കാർ വകമാറ്റിയതായി ആരോപണം നിലനിൽക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകുന്നത് അടക്കമുള്ള ദൈനംദിന ചെലവുകൾക്ക് പോലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ ഇപ്പോൾ അനുവദിച്ച വായ്പയും വകമാറ്റാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അമേരിക്കൻ സന്ദർശന വേളയിൽ പാർട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു നടപടിയാണ് ഫൈസർ അധികൃതരുമായുള്ള കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിൽ ഫൈസറിന്‍റെ ചെന്നൈ ആസ്ഥാനമായ ഗവേഷണ കേന്ദ്രത്തിന്‍റെ ബ്രാഞ്ച് കേരളത്തിൽ തുറക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. തുടർ ചർച്ചയ്ക്കായി സെപ്റ്റംബറിൽ ഫൈസർ കമ്പനി അധികൃതർ കേരളത്തിൽ എത്തുമെന്നാണ് ധാരണ. ഇന്ത്യൻ മരുന്ന് വ്യവസായത്തെ തകർക്കാൻ അമേരിക്കയും ഫൈസർ പോലുള്ള ബഹുരാഷ്ട്ര കുത്തകളും പ്രവർത്തിക്കുന്നുവെന്ന് നിരന്തരം ആരോപണം ഉയർത്തിയിട്ടുള്ള പാർട്ടിയാണ് സിപിഎം. അവരുടെ ഒരു മുഖ്യമന്ത്രിയാണ് അമേരിക്കയിൽ പോയി ഫൈസർ അധൃകൃതരുമായി ചർച്ച നടത്തി തങ്ങൾ ഭരിക്കുന്ന കേരളത്തിലേക്ക് അവരെ ക്ഷണിച്ച് ആനയിക്കുന്നത്.

‘പ്രസിഡന്‍റ് ക്ലിന്റൺ; ഇന്ത്യ വിൽപ്പനയ്ക്കല്ല’ എന്നതലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ഫൈസർ പോലുള്ള ബഹുരാഷ്ട്ര കുത്തക മരുന്ന് കമ്പനികളോടുമുള്ള സിപിഐഎം നിലപാട് കാരാട്ട് ഇങ്ങനെ വിശദീകരിക്കുന്നു. ”1970-ലെ പേറ്റന്‍റ്‌സ് ആക്ട് നൽകുന്ന പരിരക്ഷയുടെ പിൻബലത്തിൽ ഇന്ത്യ കെട്ടിപ്പടുത്ത മരുന്ന് വ്യവസായത്തെ തകർക്കാൻ അമേരിക്ക ശ്രമിക്കുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വലിയതോതിൽ മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. എന്നാൽ ഡബ്യുടിഒ നിലവിൽ വന്ന ശേഷം അമേരിക്കയും ബഹുരാഷ്ട്ര കമ്പനികളും തദ്ദേശീയ ഗവേഷണത്തെയും മരുന്ന് നിർമ്മാണത്തെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. വിലകൈമാറ്റം (ട്രാൻസ്ഫർ പ്രൈസിംഗ്) എന്ന രീതിയിലൂടെ മരുന്നുകൾ നേരിട്ട് ഇറക്കുമതി ചെയ്യുകയും അമിത ലാഭമുണ്ടാക്കുകയും ചെയ്യുക എന്നത് മാത്രമാണ് ബഹുരാഷ്ട്ര കമ്പനികൾ ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതിക വിദ്യകൾ നിയന്ത്രിക്കുന്ന ഫൈസർ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് ഇന്ത്യൻ വിപണി പിടിച്ചെടുക്കാനും മരുന്നുകളുടെ വില ഇഷ്ടാനുസരണം നിശ്ചയിക്കാനും മരുന്നുകളുടെ ലഭ്യത നിയന്ത്രിക്കാനും ഇത് വഴിയൊരുക്കും. നിർബന്ധിത ലൈസൻസിംഗ് സമ്പ്രദായം കുത്തകവത്ക്കരണത്തെ തടയും. എന്നിരുന്നാലും അമേരിക്കൻ ഭരണകൂടവും ബഹുരാഷ്ട്ര മരുന്നു കമ്പനികളും വികസ്വര രാജ്യങ്ങൾ നിർബന്ധിത ലൈസൻസ് ഏർപ്പെടുത്തുന്നതിനെ തടയാൻ പരമാവധി ശ്രമം നടത്തുകയാണ്”- ഇപ്രകാരം നീളുന്നു ലേഖനത്തിലെ വിമർശനങ്ങൾ. അതേ ബഹുരാഷ്ട്ര കുത്തകയെ അവരുടെ ഗവേഷണ സ്ഥാപനത്തിന്‍റെ ശാഖ കേരളത്തിൽ തുടങ്ങാനാണ് സിപിഎമ്മിന്‍റെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയൻ ക്ഷണിച്ചിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തുണ്ടായ സ്പ്രിങ്ക്ളർ ഡാറ്റാ വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദത്തെ ഇതുമായി ചേർത്തു വായിക്കേണ്ടതുണ്ട്. കൊവിഡ് കാലത്ത് സ്പ്രിങ്ക്ളർ ശേഖരിച്ച കേരളത്തിലെ രോഗികളുടെ ഡാറ്റാ കൈമാറ്റം ചെയ്തത് ഫൈസറിനാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സ്പ്രിങ്ക്ളറും ഫൈസറും തമ്മിൽ ബന്ധമുണ്ടെന്നകാര്യം ഫൈസറിന്‍റെ സോഷ്യൽ മീഡിയ സ്ട്രാറ്റജി മേധാവി സാറാ ഹോളിഡേ 2017-ൽ നടത്തിയ ഒരു പ്രസംഗത്തിൽ തുറന്നു സമ്മതിക്കുന്നുണ്ട്. കേരളത്തിലെ 1.75 ലക്ഷത്തോളം വരുന്ന കൊവിഡ് രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അവർ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചുമുള്ള വിവരശേഖരമാണ് കൊവിഡിന്‍റെ മറവിൽ സ്പ്രിങ്ക്ളർ നടത്തിയത്. മരുന്നു കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ ഡാറ്റ വിലപ്പെട്ടതാണ്. ഇങ്ങനെ കേരളത്തിലെ ജനങ്ങളുടെ ഡാറ്റ കൈവശമുണ്ടെന്ന് ആരോപണം നിലനിൽക്കുന്ന കമ്പനിയുമായാണ് കേരളത്തിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കാനായി പിണറായി വിജയൻ സർക്കാർ ധാരണയുണ്ടാക്കിയിരിക്കുന്നത്. വലിയ സാമ്പത്തിക ഇടപാടുകൾ ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന ആരോപണം കുടുതൽ ബലപ്പെടുത്തുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.

ചുരുക്കത്തിൽ ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തെ ജീർണ്ണത എങ്ങനെ ബാധിക്കുമെന്നതിന്‍റെ വർത്തമാനകാല ദൃഷ്ടാന്തമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ സിപിഎം സർക്കാരിന്‍റെ നിലപാടുകളിൽ വെള്ളം ചേർത്തുള്ള ഓരോ ദിവസത്തെയും പ്രവർത്തനത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് ആ പാർട്ടിയുടെ പ്രത്യയ ശാസ്ത്ര അടിത്തറയാണ്. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് പ്രതിപക്ഷ നേതാക്കളെ ഒന്നിനുപുറകെ ഒന്നായി ഒരുതരത്തിലും നിലനിൽക്കാത്ത കള്ളക്കേസുകളിൽ കുടുക്കിയും മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തുമെല്ലാം വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാനാകില്ല. കാരണം അമേരിക്കയിൽ മുഖ്യമന്ത്രിയും കൂട്ടരും നടത്തിയ സന്ദർശനത്തിലെ ദുരൂഹ കൂടിക്കാഴ്ചകളൊന്നും മാധ്യമങ്ങളിൽ വേണ്ടരീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല. പകരം മാധ്യമവേട്ടയും പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസുമാണ് ചർച്ചകളിൽ ഇടംപിടിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവർ തിരക്കഥയ്ക്ക് അനുസരിച്ചുള്ള തങ്ങളുടെ റോളുകൾ ഭംഗിയായി നിർവഹിച്ചു. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നപോലെ വിവാദങ്ങളെ പുതിയ വിവാദങ്ങൾ സൃഷ്ടിച്ച് ഇല്ലാതാക്കുകയെന്ന പി.ആർ തന്ത്രം പിണറായിയും കൂട്ടരും കേരളത്തിൽ പയറ്റുകയായിരുന്നു. സ്വാഭാവികമായും ഇത്തരം ശ്രമങ്ങളിലൂടെ മാധ്യമശ്രദ്ധ തിരിക്കാൻ കഴിയും. എന്നാൽ പ്രത്യയശാസ്ത്രങ്ങളും പ്രഖ്യാപിത നിലപാടുകളും കാറ്റിൽപ്പറത്തി ഒരു സംസ്ഥാന മുഖ്യമന്ത്രി അതും പോളിറ്റ്ബ്യൂറോ അംഗം അമേരിക്കയെ പുണരുമ്പോഴും ബഹുരാഷ്ട്ര കുത്തകകളെ തഴുകുമ്പോഴും നിസഹായരായി നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎമ്മിന്‍റെ ദേശീയ നേതൃത്വം. സാമ്രാജ്യത്വ വിരുദ്ധതയുടെ ചാമ്പ്യൻ ചമഞ്ഞ് അമേരിക്കയുമായുണ്ടാക്കിയ ആണവക്കരാറിന്‍റെ പേരിൽ യുപിഎ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ മുൻപന്തിയിൽ നിന്ന പ്രകാശ് കാരാട്ടിനെയാകട്ടെ, സ്വന്തം സർക്കാരിനെ നേർവഴിക്കു നടത്താൻ ഇവിടെയെങ്ങും കാണുന്നില്ല താനും. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അമേരിക്കൻ പ്രസിഡന്‍റിനോട് ഇന്ത്യ വിൽപ്പനയ്ക്കല്ലെന്ന് ലേഖനത്തിലൂടെ പറഞ്ഞ കാരാട്ടിന്‍റെ പാർട്ടിക്കാരനായ മുഖ്യമന്ത്രിയോട് തങ്ങളെ വിൽക്കരുതേ; അടിയറവ് വെക്കരുതേ എന്ന് കേരള ജനതയ്ക്ക് പറയേണ്ടിവരുന്ന കാലം വിദൂരമാകില്ല.

Comments (0)
Add Comment