‘കെഎസും ടീമും സ്ട്രോങ്ങാ, ഡബിള്‍ സ്ട്രോംഗ്, ഉടുക്കുകൊട്ടില്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്’ ; എംഎം മണിക്ക് മറുപടി

Jaihind Webdesk
Sunday, June 20, 2021

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രംഗത്തെത്തിയ മുൻ മന്ത്രി എം.എം മണി എംഎൽഎയ്ക്ക് മറുപടിയുമായി ഡീൻ കുര്യാക്കോസ് എംപി. വണ്‍ ടൂ ത്രീ മോഡലില്‍ മനസാക്ഷിക്കുത്തില്ലാതെ കവലപ്രസംഗം നടത്തുന്നവര്‍ക്ക് മുട്ടിലെ മരവും മനുഷ്യജീവനും ഒരുപോലെ തോന്നും. കട്ടുമുടിച്ചും കൊന്നു തള്ളിയും ശീലിച്ചവര്‍ക്ക് അഴിമതിയും വടിവാളും ഭൂഷണമായി തോന്നുമെന്നും  ഡീന്‍ തിരിച്ചടിച്ചു.  മണിയാശാന്‍റെ ഉടുക്ക് കൊട്ടില്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും കെ.സുധാകരൻ എന്ന കെപിസിസി പ്രസിഡന്‍റിനൊപ്പം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആത്മാഭിമാനത്തോടെ നിലകൊള്ളുമെന്നും ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

അക്രമ രാഷ്ട്രീയം ഹരമായവർക്ക് മുട്ടിലെ മരവും മനുഷ്യ ജീവനും ഒരു പോലെ തോന്നും ,അതാ സത്യം കേൾക്കുമ്പോൾ ഉള്ള ഈ അസഹിഷ്ണത. അക്രമത്തിൽ കൈ കഴുകി അരങ്ങ് വാഴുന്നത് ഏകാധിപതിയാണെന്ന കാര്യം പലവുരു പറഞ്ഞാലും ഒന്നിനെ വെടി വെച്ചു കൊന്നു, ഒന്നിനെ കുത്തി കൊന്നു, ഒന്നിനെ തല്ലി കൊന്നു എന്ന് മനസാക്ഷിക്കുത്തില്ലാതെ കവല പ്രസംഗം നടത്തുന്ന ആശാന്‍റെ വാമൊഴി ഇങ്ങനേയിരിക്കൂ . മണിയാശാന്‍റെ ഉടുക്ക് കൊട്ടിൽ പേടിക്കുന്ന പ്രസ്ഥാനമല്ല കോൺഗ്രസ് .
എംഎം മണി എത്ര ഉടുക്ക് കൊട്ടിയാലും കെ സുധാകരൻ എന്ന കെപിസിസി പ്രസിഡന്‍റിനൊപ്പം കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ ആത്മാഭിമാനത്തോടെ നിലകൊള്ളും. കട്ട് മുടിച്ചും , കൊന്ന് തള്ളിയും ശീലിച്ച നിങ്ങൾക്ക് അഴിമതിയും വടിവാളും ഭൂഷണമായി തോന്നും, അതിന് ആശാനെ തെറ്റ് പറയാൻ കഴിയില്ല…

കെ.എസും ടീമും സ്ട്രോങാ… ഡബിൾ സ്ട്രോങ്….

https://www.facebook.com/DeankuriakoseINC/photos/a.708873022498898/4393018214084342/