കൊവിഡ് വ്യാപനം കുതിച്ചുയരുമ്പോള്‍ തൊടുപുഴ ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിനൊപ്പം ചേർന്ന് ഡീന്‍ കുര്യാക്കോസ് എംപി. തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലിൽ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിക്കാന്‍ ടീമിനൊപ്പം ഡീനും ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങള്‍ മുന്നില്‍ നില്‍ക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന് ഊർജ്ജം പകരാനാണ് ഡീന്‍ കുര്യാക്കോസ് എംപി നേരിട്ടെത്തി ടീമിന്‍റെ പ്രവർത്തനങ്ങളില്‍ പങ്കാളിയായത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് മൃതദേഹം തൊടുപുഴ ശാന്തിതീരത്തിലെത്തിച്ച് സംസ്ക്കാരം നടത്തിയത്. കൊവിഡ് കാലത്ത് മരണപ്പെടുന്നവരുടെ സംസ്ക്കാരത്തിന് ഉറ്റവർ പോലും ഭയചകിതരായി മാറി നിൽക്കുമ്പോൾ നാടിന് മാതൃകയായി മാറുകയാണ് ഡിസാസ്റ്റർ മനേജ്മെന്‍റ് ടീമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഡിസാസ്റ്റർ മാനേജ്മെൻറ് ടീം തൊടുപുഴ കോഡിനേറ്റർ അക്ബർ ടി.എൽ, മുട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരിസ് മുട്ടം, രാഹുൽ ചെറിയാൻ എന്നിവരാണ് സംസ്ക്കാരത്തിന് നേത്യത്വം കൊടുത്തത്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച മുട്ടം കാക്കൊമ്പ് പുളിക്കൽ റവ. പി. വി. ശമുവേൽ അച്ഛന്‍റെ ഉൾപ്പെടെ ഇടുക്കി ജില്ലയിൽ ആറ് സംസ്കാര ചടങ്ങുകൾക്ക് ഈ ഡിസാസ്റ്റർ മനേജ്മെൻറ് ടീം നേതൃത്വം കൊടുത്തിരുന്നു.