‘തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീല്‍’ ; അഴിമതിയില്‍ മുങ്ങിയ സർക്കാരെന്നും ജഗദീഷ്

Jaihind News Bureau
Sunday, March 21, 2021

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ബിജെപിയുടെ രഹസ്യ പിന്തുണ കിട്ടുമെന്ന് ഇടതുപക്ഷത്തുള്ള സിനിമാപ്രവർത്തകർ തന്നോട് പറഞ്ഞിരുന്നുവെന്നു നടൻ ജഗദീഷ്. ആർ ബാലശങ്കറിന്‍റെ പ്രസ്താവനയോടെ അതിന്‍റെ ഉള്ളുകള്ളികൾ വ്യക്തമായിരിക്കുകയാണെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വരെ ഉൾപ്പെട്ട അഴിമതി ആരോപണങ്ങളിൽ അറിഞ്ഞില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല. അഴിമതിയാരോപണങ്ങൾ വന്നപ്പോൾ ആദ്യം തള്ളിപ്പറയുകയും പിന്നീട് ഉത്തരം മുട്ടിപ്പോവുകയും ചെയ്തത് പല തവണ കണ്ടതാണെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. ട്രെയിനപകടം ഉണ്ടായപ്പോൾ അതിന്‍റെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച മന്ത്രിമാരുടെ നാടാണിത്. യുവ നേതാക്കളുടെ ഭാര്യമാർ വഴിവിട്ട് ഉന്നത ജോലികൾ നേടുന്നവെന്ന ആരോപണം എങ്ങനെയുണ്ടാകുന്നുവെന്ന് ഇടതുപക്ഷം ആലോചിക്കണം.

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെ ആവശ്യപ്പെട്ട് കത്തെഴുതിയത് മുഖ്യമന്ത്രി തന്നെയാണ്. ഏതെങ്കിലും ഒരു ഏജൻസി ഒരു കാര്യവുമില്ലാതെ സർക്കാരിനെ കളങ്കപ്പെടുത്താൻ ഇറങ്ങിയിരിക്കുന്നുവെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്. കോൺഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിനു പിന്തുണ നൽകിയ സിപിഎം ആ ട്രാപ്പിൽ വീണതു ദയനീയമായ കാഴ്ചയാണെന്നും ജഗദീഷ് പറഞ്ഞു. യുഡിഎഫിനായി സജീവ പ്രചാരണത്തിലാണ് നടന്‍ ജഗദീഷ്.