നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കും. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണറെപ്പോലെ രാഷ്ട്രപതിക്കും മൂന്നുമാസ സമയപരിധി ബാധകമെന്നും വീറ്റോ അധികാരമില്ലെന്നുമുള്ള സുപ്രീംകോടതി ഉത്തരവിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് .തയ്യാറെടുപ്പുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായാണ് വിവരം.
സമയപരിധി നിശ്ചയിക്കാന്‍ രണ്ടംഗ ബഞ്ചിന് അധികാരമില്ലെന്നുള്ള വാദം കേരള ഗവര്‍ണര്‍ അര്‍ലേക്കര്‍ കഴിഞ്ഞ ദിവസം തന്നെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. രണ്ടു ജഡ്ജിമാര്‍ ഇരുന്ന് ഭരണഘടന തിരുത്തുകയാണെങ്കില്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കേസ് ഭരണഘടനാ ബഞ്ചിനാണ് വിടേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിധി പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. രാഷ്ട്രപതിയുടെ അനുമതി ആവശ്യമെന്ന് ചൂണ്ടിക്കാട്ടി ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നീണ്ടാല്‍ കോടതിക്ക് ഇടപെടാം. ബില്ലിന് അംഗീകാരം നിഷേധിക്കുന്നതിന്റെ കാരണം രാഷ്ട്രപതി സംസ്ഥാനത്തെ അറിയിക്കണം. ഭേദഗതികള്‍ അനിവാര്യമെങ്കില്‍ അക്കാര്യം വ്യക്തമാക്കണം.രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള, ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുംമുമ്പ് സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി കൂടിയാലോചിക്കണം. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം സമയബന്ധിതമായി പരിഗണിക്കണം. ഇതുവഴി കേന്ദ്ര-സംസ്ഥാന ബന്ധം സുഗമമാവും. ഭരണഘടനാ വിരുദ്ധമായ ഘടകങ്ങളുടെ പേരില്‍ ബില്‍ മാറ്റിവച്ചാല്‍ രാഷ്ട്രപതി കോടതിയുടെ ഉപദേശം തേടണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.