കാണാതായ 15കാരിയുടെ മൃതദേഹം കണ്ടെത്തി; കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്

webdesk
Saturday, January 19, 2019

വീട്ടിൽ നിന്നും കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.  മണർകാട് അരീപ്പറമ്പ് ഒറവയ്ക്കലുള്ള പുരയിടത്തിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. മൂന്നുദിവസമായി പെൺകുട്ടിയെ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നുദിവസമായി പെൺകുട്ടിയെ കാണാതായിട്ട്. മണർകാട് ഒറവയ്ക്കലിന് സമീപം ചെന്നിക്കര ഏജൻസിസ് ഹോളോബ്രിക്സ് പുരയിടത്തിലെ വാഴ കൂട്ടത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്ഥാപനത്തിലെ ഡ്രൈവർ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതും മൃതദേഹം വാഴത്തോപ്പിൽ ഉപേക്ഷിച്ചതായി പറഞ്ഞതും. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.

ചാക്കിൽകെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. ഡിവൈഎസ്പി ആർ ശ്രീ കുമാർ, സിഐ ആർ ജിജു, എസ് ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ രണ്ടുതവണ വിവാഹം ചെയ്യുകയും അവരെ ഉപേക്ഷിക്കുകയും ചെയ്ത ആളാണ് പ്രതിയെന്നും സൂചനയുണ്ട്. ഹോളോബ്രിക്സ് കെട്ടിടത്തിന് സമീപത്തെ മുറിയിലാണ് പ്രതി താമസിച്ചിരുന്നതും.