ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ട്; കോണ്‍ഗ്രസില്‍ ലയിച്ച് ഡിഡിഎഫ്; കരുത്തുകാട്ടി ലയന സമ്മേളനം | VIDEO

Jaihind Webdesk
Sunday, November 20, 2022

കാസര്‍ഗോഡ്: കോണ്‍ഗ്രസിന്‍റെ കരുത്ത് വിളിച്ചോതി കോണ്‍ഗ്രസ്-ഡിഡിഎഫ് ലയന സമ്മേളനം. എളേരിയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഡിഡിഎഫ് കോണ്‍ഗ്രസില്‍ ലയിച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി എണ്ണായിരത്തോളം പേരാണ് മാതൃപ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തിയത്. ഒരാള്‍ പോകുമ്പോള്‍ ആയിരങ്ങളാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു. കാസര്‍ഗോഡ് എളേരിയില്‍ ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിംസ് പന്തമ്മാക്കലിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ പ്രവര്‍ത്തകരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് നാടിന്‍റെ അനിവാര്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന മുന്നേറ്റം രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

എളേരി പഞ്ചായത്തിന്‍റെ ഭരണം കയ്യാളുന്ന ഡിഡിഎഫ് ആണ് മാതൃപ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തിയത്. 2012 ല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രവര്‍ത്തകര്‍ രൂപീകരിച്ചതാണ് ഡിഡിഎഫ്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയാണ്. കെ സുധാകരൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഈസ്റ്റ് എളേരി കോൺഗ്രസ് മുതിര്‍ന്ന നേതാവ് സൈമൺ പള്ളത്തുകുഴി എന്നിവർ ഇടപെട്ടാണ് ലയന ചർച്ചകൾക്ക് നേതൃത്വം നൽകിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും ചർച്ചകളിൽ സജീവമായി. ഡിഡിഎഫ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയതോടെ മലയോരത്തെ കോൺഗ്രസിന് കരുത്തേറും. വരുന്ന തെരഞ്ഞെടുപ്പുകളിലും ഇത് പ്രതിഫലിക്കും.