കഴുത്തു ഞെരിക്കുന്ന ഡിസിപി മോഡല്‍ ഉദ്യോഗസ്ഥർക്ക് ‘ജീവന്‍രക്ഷാ പദ്ധതി’ പ്രകാരം മറുപടിയുണ്ടാകും: കെ. മുരളീധരന്‍ എംപി

Jaihind Webdesk
Tuesday, November 28, 2023

 

കോഴിക്കോട്: നവകേരള സദസിനു വേണ്ടി എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുകയാണെന്ന് കെ. മുരളീധരന്‍ എംപി.  കരിങ്കൊടി കാണിക്കുന്നതിന് കരുതൽ തടങ്കല്‍ ഉപയോഗിക്കാൻ പാടില്ല. കരുതൽ തടങ്കലിന്‍റെ അർത്ഥം മനസിലാക്കാഞ്ഞിട്ടല്ല, അധികാരത്തിന്‍റെ മത്തുപിടിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഗുണ്ടകളെയും കൊണ്ട് സഞ്ചരിക്കുകയാണെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു. കോഴിക്കോട് ഡിസിപി ബൈജു മുഖ്യമന്ത്രിയുടെ ഗുണ്ടാപ്പണിയെടുക്കുകയാണ്. ക്രിമിനലുകൾ അഴിഞ്ഞാടുമ്പോൾ അവരെ തൊടാൻ കഴിയാത്ത പൊലീസാണ് കെഎസ്‌യു പ്രവർത്തകരുടെ കഴുത്ത് ഞെരിച്ചത്. ഇവരെല്ലാം തറ ഗുണ്ടാപ്പണിയാണ് എടുക്കുന്നത്. ഇനിയും പ്രവർത്തകരുടെ കഴുത്ത് ഞെരിക്കാൻ വന്നാൽ ഡിസിപി മോഡൽ ഉദ്യോഗസ്ഥരെ ജീവൻരക്ഷാ പദ്ധതി അനുസരിച്ച് നേരിടുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

രണ്ടോ മൂന്നോ പേർ പിണറായിയുടെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എന്ന് കരുതി കോൺഗ്രസോ ലീഗോ തകരാൻ പോകുന്നില്ല. പാർട്ടിയിൽ ലോക്കൽ ആയിട്ടുള്ള നേതാക്കൾ ജനശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടിയാണ് നവകേരള സദസിൽ പങ്കെടുക്കുന്നത്. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഹോട്ടലിലും വീടുകളിലും ആണ് ഇപ്പോൾ ക്യാബിനറ്റുകൾ നടക്കുന്നതെന്നും കെ. മുരളീധരൻ എംപി കുറ്റപ്പെടുത്തി.