ബേക്കല്‍ ഫെസ്റ്റിവലിന്‍റെ മറവില്‍ വന്‍ അഴിമതിയെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ്; സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയ്ക്കും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണം

Jaihind Webdesk
Sunday, July 14, 2024

 

കാസറഗോഡ്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്‍റെ ഒന്നും രണ്ടും സീസണുകളില്‍ വന്‍ അഴിമതിയെന്ന് ഡിഡിസി വൈസ് പ്രസിഡന്‍റ് ബി.പി. പ്രദീപ് കുമാര്‍. ലക്ഷക്കണക്കിന് വ്യാജ ടിക്കറ്റുകള്‍ അച്ചടിച്ച് വിറ്റതിലൂടെ സംഘാടകസമിതി ലക്ഷങ്ങള്‍ തട്ടിച്ചെന്നും പ്രദീപ് കുമാർ ആരോപിച്ചു. അഴിമതിക്ക് നേതൃത്വം നല്‍കിയത് സംഘാടക സമിതി ചെയർമാന്‍ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ആണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്‍റെ അറിവോടെയാണ് ഇതെന്നും പ്രദീപ് കുമാർ ആരോപിച്ചു.

കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്ത സമ്മേളത്തിലാണ് എംഎല്‍എക്കെതിരെയും സിപിഎം നേതാവിനെതിരെയും ആരോപണങ്ങളുമായി ആഞ്ഞടിച്ചത്. ഒന്നും രണ്ടും ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വലിയ അഴിമതിക്ക് നേതൃത്വം നല്‍കിയത് സംഘാടക സമിതിയുടെ ചെയര്‍മാനായ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയാണെന്നാണ് പ്രധാന ആരോപണം. ബീച്ച് ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പില്‍ ഉണ്ടായ നഷ്ടം നികത്താന്‍ ബേക്കല്‍ റിസോർട്ട്സ് ഡെവലപ്പ്മെന്‍റ് കോർപറേഷന്‍റെ (ബിആര്‍ഡിസി) തനത് ഫണ്ടില്‍ നിന്നും 50 ലക്ഷം അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ട്. ഇതിന് നേതൃത്വം നല്‍കിയത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണെന്നും ഈ വലിയ അഴിമതി പുറത്തുകൊണ്ടുവരാനുള്ള വിജിലന്‍സ് അന്വേഷണം പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും പ്രദീപ് കുമാര്‍ ആരോപിച്ചു.

ഫെസ്റ്റിവല്‍ കഴിഞ്ഞ് നാളിതുവരെയായി വരവു ചെലവ് കണക്ക് അവതരിപ്പിക്കാന്‍ പോലും സംഘാടക സമിതിയോ ബിആര്‍ഡിസിയൊ തയാറായിട്ടില്ല. യാത്രാശ്രീ എന്നു പറയുന്ന ഏജന്‍സിക്കാണ് ടിക്കറ്റ് വില്‍പ്പനയ്ക്കുള്ള മുഴുവന്‍ കാര്യങ്ങളും സംഘാടകസമിതി ഏല്‍പ്പിച്ചു കൊടുത്തത്. എന്നാല്‍ ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയും ഉദുമ സിപിഎം ഏരിയാ കമ്മിറ്റി അംഗവും യുവജനക്ഷമ ബോര്‍ഡിന്‍റെ ജില്ലാ കോഓര്‍ഡിനേറ്ററുമായ എ.വി. ശിവപ്രസാദ് ടിക്കറ്റ് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയിരുന്നു. യാത്രാശ്രീക്കു നൽകിയ കരാർ എങ്ങനെ ശിവപ്രസാദിനെ കിട്ടി എന്ന് പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെട്ടത്.

ഫെസ്റ്റിവല്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളിലെല്ലാം വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഉദുമ എംഎല്‍എയുടെയും ബിആര്‍ഡിസി എംഡി ഉള്‍പ്പെടെയുള്ള ആളുകളുടെയും ആസ്തിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പ്രദീപ് പറഞ്ഞു. പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്ത പക്ഷം കേരള ഹൈക്കോടതിയെ സമീപിച്ച് ഈ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും പ്രദീപ് വ്യക്തമാക്കി.

 

പ്രദീപ് കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

 

”ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്‍റെ ഒന്നും രണ്ടും സീസണുകളിൽ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളിൽ ഭൂരിഭാഗവും വ്യാജ ടിക്കറ്റുകൾ.”
രണ്ടാം പതിപ്പിൽ ഉണ്ടായ നഷ്ടം നികത്താൻ ബി ആർ ഡി സി യുടെ തനത് ഫണ്ടിൽ നിന്നും 50 ലക്ഷം അനുവദിച്ചത് വൻ അഴിമതി, ഇതിന് നേതൃത്വം നൽകിയത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.?

ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്‍റെ ഒന്നും രണ്ടും പതിപ്പുകളിൽ വലിയ അഴിമതി നടന്നിട്ടുണ്ട് എന്ന് നിരന്തരമായി പരാതിപ്പെടുകയും മാധ്യമങ്ങൾക്ക് ഉൾപ്പെടെ അതിൻറെ വിശദവിവരങ്ങൾ ഈ കഴിഞ്ഞ നാളുകളിൽ ഞാൻ നൽകിയിട്ടുണ്ടായിരുന്നു. ഈ വലിയ അഴിമതി പുറത്തുകൊണ്ടുവരാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.ആ പരാതി കാസർഗോഡ് വിജിലൻസ് യൂണിറ്റിലേക്ക് എത്തുകയും അവർ എന്നെ വിളിപ്പിക്കുകയും പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് എന്നോട് വിശദമായി ചോദിച്ചറിയുകയും ചെയ്തിരുന്നു.എന്നാൽ നാളിതുവരെയും അതിനെക്കുറിച്ച് യാതൊരു അറിവുമില്ല ഗവൺമെൻറ് ഈ ആവശ്യം പൂഴ്ത്തിവെച്ചിരിക്കുകയാണ്. നിയമസഭയിൽ എംഎൽഎമാരുടെ ചോദ്യത്തിന് പോലും ഈ കാര്യത്തിൽ വിജിലൻസ് അന്വേഷണത്തെക്കുറിച്ച് കൃത്യമായ ഉത്തരം നൽകിയിരുന്നില്ല.

ഒന്നാം ബീച്ച് ഫെസ്റ്റിവലിനെ കുറിച്ചാണ് ആദ്യം വലിയ അഴിമതി ആരോപണം ഉയർന്നുവന്നത് അതിനെക്കുറിച്ചാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത് എന്നാൽ അതിൽ തുടർനടപടി ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല അതിനു ശേഷം രണ്ടാം പതിപ്പ് നടത്തുകയും അതിൽ ഒന്നാം പതിപ്പിനെക്കാൾ വലിയ തോതിലുള്ള അഴിമതി നടത്തുകയും ഫെസ്റ്റിവൽ കഴിഞ്ഞ് നാളിതുവരെയായി വരവ് ചെലവ് കണക്ക് അവതരിപ്പിക്കാൻ പോലും സംഘാടക സമിതിയോ ബിആർഡിസിയൊ തയ്യാറായിട്ടില്ല.

ഒന്നും രണ്ടും ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വലിയ അഴിമതിക്ക് നേതൃത്വം നൽകിയത് സംഘാടക സമിതിയുടെ ചെയർമാനായ സി എച്ച് കുഞ്ഞമ്പു എംഎൽഎയാണ്.പരിപാടിയുടെ നടത്തിപ്പിന് നൽകിയ പല കരാറുകളും ടെൻഡറിന് വിരുദ്ധമായതും പലതും ടെൻഡർ വിളിക്കാതെയും ആണ് നൽകിയിട്ടുള്ളത്. അതിൽ ഇപ്പോൾ പുറത്തുവന്ന ഏറ്റവും ഞെട്ടിക്കുന്ന യാഥാർത്ഥ്യം എന്നു പറയുന്നത് ഒരേസമയം പ്രവേശന ടിക്കറ്റിന് അതേ രീതിയിലുള്ള ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റും അച്ചടിച്ച് വില്പന നടത്തിയിരുന്നു എന്നാണ് ഇങ്ങനെ നാലര ലക്ഷത്തോളം ടിക്കറ്റുകൾ വ്യാജമായി അച്ചടിച്ച് വില്പനയ്ക്ക് നൽകിയിരുന്നു എന്നും ഒറിജിനലിനേക്കാൾ കൂടുതലായി വില്പന നടത്തിയിരിക്കുന്നു എന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്.ഈ കാര്യം ബിആർഡിസിയുടെയും സംഘാടകസമിതിയുടെയും ഭാരവാഹികൾക്ക് ബോധ്യമുള്ളതും പരിപാടിക്കിടയിൽ വ്യാജ ടിക്കറ്റുകൾ കണ്ടെത്തുകയും ചെയ്തതാണ് ഒന്നാം ഫെസ്റ്റിവലിൽ ടിക്കറ്റ് വിൽപ്പന ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുത്തത് പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ആണെങ്കിൽ രണ്ടാമത്തേതിൽ ഏറ്റെടുത്തത് യാത്രാശ്രീ എന്നു പറയുന്ന ഏജൻസിയാണ് അവർക്ക് മാത്രമാണ് ടിക്കറ്റ് വിൽപ്പനയ്ക്കുള്ള മുഴുവൻ കാര്യങ്ങളും സംഘാടകസമിതി ഏൽപ്പിച്ചു കൊടുത്തത് എന്നാൽ സംഘാടകസമിതിയിൽ ഉണ്ടായിരുന്ന ഡിവൈഎഫ്ഐ ജില്ലാ ജോയിൻറ് സെക്രട്ടറിയും ഉദുമ സിപിഎം ഏരിയ കമ്മിറ്റി അംഗവും യുവജനക്ഷമബോർഡിന്റെ ജില്ലാ കോഡിനേറ്ററുമായ ഏ വി ശിവപ്രസാദ് ടിക്കറ്റ് വിൽപ്പനക്ക് നേതൃത്വം നൽകിയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. യാത്രാശ്രീക്കു നൽകിയ കരാർ എങ്ങനെ ശിവപ്രസാദിനെ കിട്ടി എന്ന് പരിശോധിച്ചപ്പോഴാണ് നേരത്തെ പറഞ്ഞ ഒരു ലക്ഷത്തോളം വ്യാജ ടിക്കറ്റുകൾ അച്ചടിച്ച് വിതരണം ചെയ്യാൻ നേതൃത്വം നൽകിയതിനെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞത്. പിടിച്ചെടുത്ത വ്യാജ ടിക്കറ്റുകളുടെ നമ്പർ പരിശോധിച്ചാൽ ഏതാണ്ട് ഒരു ലക്ഷത്തോളം ടിക്കറ്റ് അടിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
അതുകൂടാതെ വ്യാജ ടിക്കറ്റിൽ ബാങ്ക് ഓഫ് ബറോഡയുടെ പരസ്യവും ഉൾക്കൊള്ളിച്ചതായി കാണുന്നുണ്ട് .അതിൽ നിന്നും മനസ്സിലാകുന്നത് കാസർകോട്ടെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ പരസ്യം വാങ്ങുകയും അതാണ് ഇത്തരത്തിൽ വ്യാജ കൂപ്പണുകളിൽ പരസ്യമായി ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും ആ വാങ്ങിയ പരസ്യത്തിന്റെ തുക സംഘാടക സമിതിയുടെ വരവിൽ എവിടെയും കാണിച്ചിട്ടില്ല എന്ന് അത് പരിശോധിച്ചാൽ മനസ്സിലാകുന്നതാണ് പരസ്യം വകയിൽ വാങ്ങിയ ഒരു തുകയ്ക്കും കണക്കില്ല എന്നതാണ് വസ്തുത.

ഒന്നാം ഫെസ്റ്റിവലിൽ ബാക്കി ആയി എന്ന് പറയുന്ന 32 ലക്ഷം രൂപ ഇപ്പോഴും ജി എസ് ടി അടക്കാത്ത സാഹചര്യത്തിൽ സംഘാടകസമിതി ഭാരവാഹികളുടെ കയ്യിൽ ഉണ്ടാവേണ്ടതാണ്.ഒന്നാം ബീച്ച് ഫെസ്റ്റിവൽ അവസാനിച്ചപ്പോൾ അതിൻറെ കണക്ക് അവതരിപ്പിച്ചപ്പോൾ 32 ലക്ഷം രൂപ മിച്ചം ഉണ്ടെന്നാണ് അന്ന് സംഘാടകസമിതിയുടെ ഭാരവാഹികൾ പറഞ്ഞത് അപ്പോഴും ജിഎസ്ടി അടയ്ക്കുന്നതിനായി ജി എസ് ടി വകുപ്പ് നൽകിയ നോട്ടീസ് പ്രകാരം 34 ലക്ഷം രൂപ അടയ്ക്കേണ്ടതായി ഉണ്ടായിരുന്നു.എന്നാൽ ഇതുവരെയായി സി.ജി.എസ്.ടി യോ എസ്.ജി.എസ്.ടി യോ അടച്ചതായി യാതൊരു അറിയിപ്പുമില്ല ജിഎസ്ടി അടച്ചിട്ടുണ്ടോ എന്ന് നിയമസഭയിലെ ചോദ്യത്തിന് ആ വിവരം പുറത്ത് വിടാൻ കഴിയില്ല എന്നാണ് സർക്കാർ നൽകിയ മറുപടി യഥാർത്ഥത്തിൽ ഒന്നാം പതിപ്പിന്റെയോ രണ്ടാം പതിപ്പിന്റെയോ ഒരു രൂപ പോലും ജി എസ് ടി ഇനത്തിൽ സർക്കാരിലേക്ക് സംഘാടകസമിതി അടച്ചിട്ടില്ല, ഇത് മറച്ചു വെച്ചാണ് നിയമസഭയ്ക്ക് അകത്ത് പോലും സർക്കാർ കള്ളത്തരം പറഞ്ഞത്.
യഥാർത്ഥത്തിൽ സംഘാടകസമിതി അന്ന് പറഞ്ഞ പ്രകാരം പങ്കെടുത്ത ആളുകളുടെ എണ്ണത്തിനനുസരിച്ചുള്ള

വരുമാനം സംഘാടകസമിതിയുടെ അന്തിമ കണക്കിൽ വന്നിട്ടില്ല എന്ന് മനസ്സിലാക്കാൻ കഴിയും പങ്കെടുത്ത ആളുകളുടെ എണ്ണവും വിൽപ്പന നടത്തിയ ടിക്കറ്റുകളുടെ എണ്ണവും പരിശോധിക്കുമ്പോൾ വലിയ അന്തരം ഉണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ് ടിക്കറ്റ് വിൽപ്പനയിൽ മാത്രമല്ല അന്ന് സർക്കാരിൻറെ പർച്ചേസ് മാനുവൽ ലംഘിച്ചു കൊണ്ടാണ് പല ഇടപാടുകളും നടന്നിട്ടുള്ളത് കുടുംബശ്രീ വഴി ടിക്കറ്റ് വിൽപ്പന നടത്തിയ വകയിൽ തന്നെ വലിയ വരുമാനം ഉണ്ടായിട്ടുള്ളതാണ് അതേസമയം രണ്ടാം ഫെസ്റ്റിവലിൽ ജനപങ്കാളിത്തം കുറവാണ് എന്ന് സംഘാടകസമിതി പറയുന്നു എന്നാൽ അത് തെറ്റാണെന്ന് ഫെസ്റ്റിവലിന്റെ വീഡിയോയും മറ്റുമെടുത്തു പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും അവിടെയാണ് എത്രത്തോളം വ്യാജ ടിക്കറ്റുകൾ വിറ്റിട്ടുണ്ട് എന്ന് നമുക്ക് ബോധ്യം വരുന്നത് രണ്ടാം പതിപ്പ് അവസാനിച്ചു നാളിതുവരെയായി സംഘാടക സമിതി ഒരു കണക്കും അവതരിപ്പിച്ചിട്ടില്ല ഒരു കോടിയിലധികം രൂപ നഷ്ടം വന്നിട്ടുണ്ട് എന്നാണ് എംഎൽഎ ഉൾപ്പെടെയുള്ള സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു നടക്കുന്നത് ഫെസ്റ്റിവൽ കഴിഞ്ഞശേഷം ഭാരവാഹികളായും ബി ആർ ഡി സി യുടെ ഓഫീസിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല നടത്തിപ്പുമായി ബന്ധപ്പെട്ട് പണം ലഭിക്കാനുള്ള ആളുകൾ നിരന്തരമായി ബിആർഡിസി ഓഫീസിൽ എത്തിച്ചേരുന്നുണ്ട് എന്നുള്ളതാണ് വിവരം. ഈ കടം വീട്ടാൻ എന്ന വ്യാജേന എംഎൽഎയുടെ സമ്മർദ്ദ പ്രകാരം ഏതാണ്ട് 75 ലക്ഷം രൂപ ആവശ്യപ്പെട്ട് ടൂറിസം വകുപ്പിന് കത്ത് നൽകുകയും ഇപ്പോൾ 50 ലക്ഷം രൂപ ബിആർടിസിയുടെ സ്വന്തം ഫണ്ടിൽ നിന്നും അഴിമതിയും ധൂർത്തും കൊണ്ട് വലിയ ബാധ്യത വന്നു എന്ന് പറഞ്ഞ ആ ബാധ്യത തീർക്കാൻ ഇപ്പോൾ അനുവദിച്ചതായാണ് വിവരം എന്നാൽ യഥാർത്ഥത്തിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കൂടി നേതൃത്വത്തിൽ നടക്കുന്ന വലിയ അഴിമതിയാണ് ഈ 50 ലക്ഷം രൂപ നൽകുന്നതിലൂടെ നടക്കാൻ പോകുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും ഇതിൽ ആർക്കൊക്കെയാണ് പണം കൊടുക്കാനുള്ളത് എന്ന് യാതൊരു വ്യക്തതയുമില്ല യഥാർത്ഥത്തിൽ മന്ത്രിയും എംഎൽഎയും പാർട്ടിയും അറിഞ്ഞുകൊണ്ടുള്ള 50 ലക്ഷം രൂപയുടെ കൊള്ളയാണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും,നേരത്തെ ബീച്ച് ഫെസ്റ്റിവലിനായി സർക്കാർ പത്ത് ലക്ഷം രൂപ നൽകുകയും തദേശ സ്വയഭരണ സ്ഥപനങ്ങളോട് പണം നൽകാൻ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നൽകുന്ന തുകയിൽ ആർക്കൊക്കെ എത്രയൊക്കെ രൂപ കിട്ടും എന്ന് മാത്രമാണ് അറിയാനുള്ളത്. അതുപോലെതന്നെ ഫെസ്റ്റിവലിൽ പ്രോഗ്രാം അവതരിപ്പിച്ച വിവിധ കലാകാരന്മാർക്ക് നൽകിയ തുകയിലും ഓരോ ടീമും മറ്റു സ്ഥലങ്ങളിൽ അവർ പരിപാടി അവതരിപ്പിച്ചപ്പോൾ വാങ്ങിച്ചിരുന്ന തുകയേക്കാൾ വളരെ വലിയ തുകയാണ് ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ നിന്നും വാങ്ങിയതായി കാണുന്നത് ഇതിൽ നിന്നും മനസ്സിലാക്കുന്നത് കെ എസ് ചിത്രയെയും , പ്രസീത ചാലക്കുടിയും,ശാലു മേനോനെയും പോലെയുള്ള സെലിബ്രിറ്റികൾ വാങ്ങിയ തുകയേക്കാൾ കൂടുതൽ തുക ചെലവിൽ കാണിച്ചിട്ടുണ്ട് എന്ന് കൃത്യമായ അന്വേഷണം നടത്തിയാൽ മനസ്സിലാക്കാൻ കഴിയും ഇത്തരത്തിൽ ഓരോ പ്രോഗ്രാമിനും ഇരട്ടി തുകയാണ് കൊടുത്തതായി കാണിച്ചിട്ടുള്ളത്.
മറ്റൊരു കാര്യം കഴിഞ്ഞ ദിവസം പുതുമായി ഏരിയ കമ്മിറ്റി യോഗത്തിൽ നടന്ന ഒരു ചർച്ചയുമായി ബന്ധപ്പെട്ടു വന്ന വാർത്തയിൽ പാർട്ടിയിലെ യുവ നേതാവിന്റെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാധനത്തെ കുറിച്ച് ചർച്ച ഉണ്ടായതായും ആ വ്യക്തിക്ക് വലിയ സമ്പാദ്യം ഉണ്ടായതിൽ അതിൻറെ സൂചന ബേക്കൽ ബീച്ച് ഫെസ്റ്റിവരുമായി ബന്ധപ്പെട്ട് ഉണ്ട് എന്ന് വരികയും അതിൻറെ വാർത്ത പുറത്തു വരികയും ചെയ്തിരുന്നു ബീച്ച് ഒരു മായി ബന്ധപ്പെട്ട വാഹന പാർക്കിയുമായി ബന്ധപ്പെട്ട കരാർ നൽകി ഏറ്റെടുത്തത് ബേക്കൽ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് കൂടുതൽ തുകയ്ക്കുള്ള കൊട്ടേഷൻ വന്നിരുന്നെങ്കിലും അവർക്ക് കൊടുക്കാതെ കുറഞ്ഞ തുകയ്ക്ക് ഈ സൊസൈറ്റിക്ക് കരാർ നൽകുകയായിരുന്നു. അതിലും കരാർ പ്രകാരം പറഞ്ഞ തുക ഇതുവരെയായി സംഘാടകസമിതിക്ക് നൽകിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് പ്രസ്തുത സൊസൈറ്റിയുടെ പ്രസിഡൻറ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠനും വൈസ് പ്രസിഡണ്ട് ഡിവൈഎഫ്ഐ ജില്ലാ ജോൺ സെക്രട്ടറിയും ഉദുമ ഏരിയ കമ്മിറ്റി അംഗവുമായ ഫെസ്റ്റിവലിൽ പാർക്കിംഗ് ആയി ബന്ധപ്പെട്ട് എത്ര വാഹനങ്ങൾ പാർക്ക് ചെയ്തുവെന്നോ എത്ര തുക വരവ് ഉണ്ടായിരുന്നു എന്ന് സംഘാടകസമിതിയിലോ സൊസൈറ്റിയിലോ യാതൊരു തെളിവുമില്ല ഈ സൊസൈറ്റിയെ സംബന്ധിച്ചും വലിയ ആക്ഷേപം നിലനിൽക്കുകയാണ് സർക്കാരിൻറെ ചില കരാറുകൾ ഏറ്റെടുക്കാനുള്ള പേപ്പർ സൊസൈറ്റി ആയി ഈ നേതാക്കന്മാർ ഇതിനെ ഉപയോഗിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് ഈ സൊസൈറ്റിയുടെ ഭരണസമിതിയുടെ കാലാവധി പൂർത്തീകരിച്ചിട്ടും തെരഞ്ഞെടുപ്പ് നടത്താതെ വീണ്ടും പോവുകയും ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ അംഗങ്ങളുടെ നോമിനേഷൻ പോലും കൃത്യമായി നൽകാതെ ഡയറക്ടർ ബോർഡ് മെമ്പർമാരുടെ പേര് എഴുതി നൽകിയ എഴുതി നൽകുകയായിരുന്നു എന്നും മനസ്സിലാക്കാൻ കഴിഞ്ഞു. യഥാർത്ഥത്തിൽ ഈ നേതാക്കന്മാർക്ക് സർക്കാർ ഫണ്ട് തട്ടാനുള്ള കരാർ ഏറ്റെടുക്കാൻ വേണ്ടിയാണ് ഇവരുടെ താല്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന ആളുകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഈ സൊസൈറ്റി ഇപ്പോഴും നിലനിർത്തിയിരിക്കുന്നത്.

അതുകൊണ്ട് അടിയന്തരമായി ഈ കാര്യങ്ങളിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും പുതുമ എംഎൽഎയുടെയും ബിആർഡിസി എംഡിയുടെയും ഉൾപ്പെടെയുള്ള ഈ കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ച ആളുകളുടെ ആസ്തിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെടുകയാണ് ഞാൻ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകാത്ത പക്ഷം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ച് ഈ കാര്യത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്നും അറിയിക്കുകയാണ്.