പിതൃമോക്ഷം തേടി പതിനായിരങ്ങള്‍ കര്‍ക്കടക വാവ് ദിനമായ ഇന്ന് ബലിതര്‍പ്പണം നടത്തുന്നു. പുലര്‍ച്ചയോടെ തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കടക വാവായി ആചരിച്ച് പോരുന്നത്. ഇന്നേ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും, സമുദ്ര തീരത്തും, നദീ തീരത്തും വാവു ബലി നടക്കാറുണ്ട്. മരിച്ചു പോയ മാതാപിതാക്കള്‍ക്കു വേണ്ടിയാണ് സാധാരണയായി ബലി തര്‍പ്പണം നടത്തുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ബലി തര്‍പ്പണം ചെയ്യുന്നത്. എള്ള്, അരി, തുളസിപ്പൂവ്, ചെറൂള, പവിത്ര മോതിരം, കുറുമ്പുല്ല്, ചന്ദനം, കിണ്ടിയില്‍ വെള്ളം, വാഴയില വിളക്ക്, കര്‍പ്പൂരം, ദര്‍ഭപ്പുല്ല്, എന്നിവയാണ് വാവ് ബലിക്ക് ആവശ്യമുള്ള സാധനങ്ങള്‍. ബലിതര്‍പ്പണം നടത്തുന്നവര്‍ പ്രത്യേക ചിട്ടവട്ടങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ബലിയിടുന്നതിനു മുന്നേ ഇവര്‍ മനസ്സും ശരീരവും ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കണം. തലേദിവസം മുതല്‍ ഒരിക്കല്‍ വൃതം എടുക്കാനും ശ്രമിക്കണം. മത്സ്യ, മാംസങ്ങള്‍ കഴിക്കാന്‍ പാടില്ല.
വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ആലുവ മണപ്പുറത്തും പുലര്‍ച്ചെയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി.