ഹിന്ദു കുടുംബങ്ങളുടെ പാരമ്പര്യ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശം : സുപ്രീം കോടതി

Jaihind News Bureau
Tuesday, August 11, 2020

 

ന്യൂഡൽഹി : ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീം കോടതിയുടെ നിർണായക വിധി. ഹിന്ദു കുടുംബങ്ങളുടെ പാരമ്പര്യസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമെന്ന് സുപ്രീം കോടതി വിധിച്ചു. ഹിന്ദു പിന്തുടർച്ചാവകാശ നിയമം പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.

2005 ല്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ തന്നെ സ്വത്തില്‍ അവകാശം ലഭിക്കും.  മകനെപ്പോലെ തന്നെ മകള്‍ക്കും തുല്യ അവകാശമുണ്ട്.  ആൺമക്കൾക്കും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യമായ അവകാശം ആണ് ഉള്ളത്. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ അവകാശത്തിൽ മാറ്റം ഉണ്ടാകില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്നതായിരുന്നു ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം. ഭേദഗതിയിലെ നിയമപ്രശ്നങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് മൂന്നംഗ ബെഞ്ചിന്‍റെ വിധി.