സ്പ്രിങ്ക്‌ളര്‍ മാതൃകയില്‍ വിദ്യാഭ്യാസ വകുപ്പിലും ഡാറ്റ വില്‍പ്പന; സ്‌കൂളുകളെയും അധ്യാപകരെയും സംബന്ധിക്കുന്ന വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറി

 

തിരുവനന്തപുരം:  സ്പ്രിങ്ക്‌ളര്‍ മാതൃകയില്‍ വിദ്യാഭ്യാസ വകുപ്പിലും ഡാറ്റ വില്‍പ്പന. സ്‌കൂളുകളെയും അധ്യാപകരെയും സംബന്ധിക്കുന്ന സ്വകാര്യ വിവരങ്ങളാണ് അമേരിക്കന്‍ കമ്പനിക്ക് സര്‍ക്കാര്‍ കൈമാറിയത്. വിവരങ്ങള്‍ ബാഹ്യ ഏജന്‍സിക്ക് കൈമാറുന്നതിന് മുന്‍പ് യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടത്തിയില്ല എന്നും ആക്ഷേപമുണ്ട്.

സംസ്ഥാനത്തെ ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഫലപ്രാപ്തി പഠനവുമായി ബന്ധപ്പെട്ട് 1188 സ്‌കൂളുകളുടേയും അധ്യാപകരുടേയും വിവരങ്ങളാണ് അമേരിക്കയിലെ വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാള്‍ട്രിക്‌സ് എക്‌സ് എം എന്ന കമ്പനിക്ക് കൈമാറിയത്. അന്തര്‍ ദേശീയ തലത്തില്‍ വന്‍ കമ്പനികള്‍ക്കു വേണ്ടി സര്‍വേ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കമ്പനി കൂടിയാണിത്. ഇന്റല്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി അമേരിക്കയിലെ ഒഹിയോ യൂണിവേഴ്‌സിറ്റിയും, കേരള സര്‍വകലാശാലയും ചേര്‍ന്നാണ് സര്‍വേ നടത്തുന്നതെന്നാണ് കൈറ്റ് 12/2/2020 ല്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ കൈറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള സര്‍ക്കുലറില്‍ സൂചനയായി നല്‍കിയിരിക്കുന്ന ഗവണ്‍മെന്‍റ് ഉത്തരവുകളില്‍ ഇത്തരമൊരു ബാഹ്യ ഏജന്‍സിയുടെ സര്‍വേയെക്കുറിച്ചോ ഹൈടെക് ഫലപ്രാപ്തി പഠനത്തെക്കുറിച്ചോ സൂചിപ്പിക്കുന്നില്ല.

ഇത്തരമൊരു വിവര കൈമാറ്റത്തിന് മുന്‍പ് അധ്യാപകരുടെ സമ്മതം എടുക്കുകയോ ഏതെങ്കിലും തരത്തില്‍ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തില്ല. കൈറ്റിലെ കോ-ഓര്‍ഡിനേറ്റര്‍മാരോ ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരോ അറിയാതെയാണ് ഡേറ്റ വിദേശ സര്‍വേ ഏജന്‍സിയ്ക്കു കൈമാറിയിട്ടുള്ളത് എന്നും ആരോപണമുണ്ട്.. ഐ.ടി ഉപകരണങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്താന്‍ കേരളത്തില്‍ തന്നെ ഏജന്‍സികള്‍ ഉള്ളപ്പോള്‍ വിദേശ സര്‍വേ കമ്പനിയുടെയും യൂണിവേഴ്‌സിറ്റിയുടെയും സഹായം കൈറ്റ് തേടിയത് ദുരൂഹമാണ്. സ്പ്രിങ്ക്‌ളര്‍ അഴിമതിയേക്കാള്‍ വലിയ അഴിമതി വിദ്യാഭ്യാസ മേഖലയിലും നടന്നു എന്ന സംശയമാണ് ഇതോടെ ശക്തമാകുന്നത്.

https://www.youtube.com/watch?v=gvLU6Qj1DAU

 

Comments (0)
Add Comment