ഈ സമ്മേളനക്കാലം സര്‍ക്കാരിന് ഇരുണ്ട ദിനങ്ങള്‍; മറുപടി നല്‍കാന്‍ മുഖ്യമന്ത്രി വിയര്‍ക്കേണ്ടി വരും; നയം വ്യക്തമാക്കി പ്രതിപക്ഷം

Monday, October 7, 2024

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം തുടങ്ങിയിരിക്കുകയാണ്. ഈ ദിനങ്ങള്‍ അതിജീവിക്കുക മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അതികഠിനം. സര്‍ക്കാരിനെതിരായ വിവാദങ്ങളും ആരോപണങ്ങളും സഭയ്ക്കകത്തും പുറത്തും നിറഞ്ഞ് നില്‍ക്കുമ്പോള്‍ അത് ഫലപ്രദമായി പ്രയോഗിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.

അതിന്റെ സൂചനയാണ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പ്രതിപക്ഷം തങ്ങളുടെ നയം വ്യക്തമാക്കിയത്. ഇത് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ സഭാ സമ്മേളനം വെട്ടിചുരുക്കിയത് എന്നത് വ്യക്തം. 18 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം 15 വരെയാക്കിയാണ് കുറച്ചത്.

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍, എഡിജി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പിആര്‍ ഏജന്‍സി വിവാദം ഇങ്ങനെ നീളുന്നു ഭരണപക്ഷത്തിനെതിരായ ആരോപണ മുനകള്‍. പ്രതിപക്ഷം ചോദിച്ച ഒരു കാര്യത്തിലും വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ച് രക്ഷപ്പെട്ടതോടെ സഭയില്‍ മറുപടി പറയിക്കാനുളള നീക്കങ്ങള്‍ പ്രതിപക്ഷം തുടങ്ങിയിരുന്നു. നേരിടാനുള്ള ആലോചനകള്‍ ഭരണപക്ഷവും നടത്തി. അത് ഇന്ന് തുടങ്ങുകയും ചെയ്തു.എന്നാല്‍ മുഖ്യമന്ത്രി സഭയില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ രേഖാമൂലം മറുപടി നല്‍കേണ്ട നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റി സ്പീക്കര്‍ പ്രതിരോധിച്ചു. എന്നാല്‍ ആദ്യ ദിനം തന്നെ ഇത് ഉയര്‍ത്തി പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ചോദ്യങ്ങല്‍ തരം മാറ്റിയതില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനും എംബി രാജേഷിനും പ്രതിപക്ഷ നേതാവ് കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കിയതോടെ സഭയില്‍ ബഹളമായി.

വരും ദിവസങ്ങളിലും സഭാ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പിക്കുന്നതാണ് ഇന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. വിവാദങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് ആക്രമിക്കുമ്പോള്‍ അതിനെ നേരിടാന്‍ ഭരണപക്ഷം വിയര്‍ക്കുകയാണ്. മുഖ്യമന്ത്രി തന്നെ എഴുന്നേറ്റ് മറുപടി നല്‍കേണ്ട അവസ്ഥയാണ് സഭയിലെ കാഴ്ച.