കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിലെ അപകടാവസ്ഥയിലായ മാഹിപ്പാലം പുതുക്കി പണിയണമെന്ന് കെ മുരളീധരൻ എം.പി. അപകടാവസ്ഥയിലുള്ള പാലത്തിന് താല്ക്കാലിക അറ്റകുറ്റപ്പണികൾ പരിഹാരമല്ലെന്നും കെ മുരളീധരൻ എം.പി മാഹിയിൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് ഒപ്പമാണ് കെ മുരളീധരൻ എം.പി മാഹിപ്പാലവും പരിസരവും സന്ദർശിച്ചത്. അപകടാവസ്ഥയിലായ പാലം എം.പി നേരിൽക്കണ്ട് വിലയിരുത്തി. സ്പാനുകൾക്കിടയിലെ ലിറ്റിംഗ് പ്ലേറ്റുകൾ വെൽഡ് ചെയ്തും മറ്റും ബലപ്പെടുത്തിയത് തകർന്ന അവസ്ഥയിലാണ് മാഹിപ്പാലം ഇപ്പോഴുള്ളത്. 8 മാസം മുമ്പാണ് 11.6 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളും ബലപ്പെടുത്തലും നടന്നത്. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് അമിതമായ കുലുക്കം അനുഭവപ്പെടുന്നുണ്ട്. നിലവിലുള്ള മാഹിപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം പുതിയ പാലം നിർമ്മിക്കണമെന്ന് കെ മുരളീധരൻ എം.പി ആവശ്യപ്പെട്ടു.
പുതിയ പാലത്തിനായി എല്ലാവരും ശബ്ദമുയർത്തണം. പാർലമെന്റ് ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളിലും പുതിയ പാലത്തിനായി സമ്മർദ്ദം ചെലുത്തും. നേരത്തെയും ഇക്കാര്യം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഉന്നയിച്ചിരുന്നു. തലശേരി-മാഹി ബൈപ്പാസ് നടപ്പിലാവുന്നതിനാൽ മാഹി പാലത്തിന് പ്രസക്തിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം ശരിയല്ലെന്നും കെ മുരളീധരൻ പറഞ്ഞു.