ഡാം മാനേജ്മെന്‍റില്‍ പഠനം വേണം; 2018 ലെ അബദ്ധം ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, October 19, 2021

കണ്ണൂർ : ഡാം തുറക്കുമ്പോൾ 2018 ലെ അബദ്ധം ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോർ റിവർ എന്ന ആശയത്തിന് എതിരാണ് ഇപ്പോൾ സർക്കാർ കൊണ്ടുവരാൻ പോകുന്ന സിൽവർ ലൈൻ. പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളെ നിയന്തിക്കണം. പരിസ്ഥിക്ക് വേണ്ടി സംസാരിക്കുമ്പോൾ അവരെ കർഷകവിരുദ്ധരായി ചിത്രീകരിക്കുകയാണ്.  വ്യക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും ദുരന്തം എത്തിയിട്ടാണ് റെഡ്അലർട്ട് പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങളുടെ പാളിച്ചകൾ അന്വേഷിക്കണം. കേരള ദുരന്ത നിവാരണ അതോറിറ്റി തന്നെ ദുരന്തമാണെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കേരളം പരിസ്ഥിതിലോല പ്രദേശമാവുകയാണ്. വേലിയേറ്റ സമയം കണക്കിലെടുത്ത് വേണം ഡാമുകൾ തുറയ്ക്കാൻ. എല്ലാം ഡാമും ഒരുമിച്ച് തുറക്കരുത്. ഡാമുകളിലെ ചെളിയും മണലും മാറ്റാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം. ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല. അപകടം നടന്ന സമയത്ത് മാത്രം ഇതിനെ കുറിച്ച് ആലോചിക്കുന്ന സർക്കാരിന്‍റെ സമീപനത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപകടം കുറക്കാനുള്ള കാര്യങ്ങൾ ഗൗരവമായി കണക്കിലെടുക്കണം. മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോർ റിവർ എന്ന ആശയത്തിന് എതിരാണ് ഇപ്പോൾ സർക്കാർ കൊണ്ടുവരാൻ പോകുന്ന സിൽവർ ലൈൻ. കോട്ട പോലെ മതിൽ ഉയർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കാര്യത്തിൽ സമഗ്രമായ പാരിസ്ഥിക ആഘാത പഠനം വേണം. പശ്ചിമ ഘട്ട മലയിലെ അനധികൃത ക്വാറികളെ നിയന്തിക്കണം. പരിസ്ഥിക്ക് വേണ്ടി സംസാരിക്കുമ്പോൾ അവരെ കർഷകവിരുദ്ധമാണ് എന്ന് ആക്കി തീർക്കുകയാണ്. പശ്ചിമഘട്ടത്തിൽ ഓഡിറ്റിംഗ് നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കർഷകന്‍റെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ന്യൂനമർദ്ദം ഉണ്ടായി അത് കരയിലേക്ക് പ്രവേശിച്ച് മലയിടിച്ചിൽ ഉണ്ടായി ഒന്നര മണിക്കൂറിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കേരളത്തിലെ ഡാം മാനേജ്മെൻറിനെപറ്റി പഠനം ആവശ്യമാണെന്നും വിഡി സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉൾപ്പടെയുള്ള നേതാക്കൾ വാർത്താ സമ്മേളനത്തിൻ പങ്കെടുത്തു.