കത്ത് വിഎസും പിണറായിയും ഉള്‍പ്പെടെയുള്ളവരെ കാണിച്ചു; ഇറങ്ങിപ്പോകാന്‍ ആരും പറഞ്ഞിട്ടില്ല: ഗൂഢാലോചന വെളിപ്പെടുത്തി ദല്ലാള്‍ നന്ദകുമാർ

 

കൊച്ചി: സോളാർ പീഡന പരാതിയിൽ സിപിഎം നേതാക്കളുടെ ഗൂഢാലോചന വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ. കേസിൽ വിവാദമായ കത്തുകൾ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും അടക്കമുള്ള ഉന്നത സിപിഎം നേതാക്കളെ കാണിച്ചിരുന്നുവെന്ന് നന്ദകുമാർ വെളിപ്പെടുത്തി. പിണറായി വിജയനെ മൂന്നോ നാലോ തവണ കണ്ടിട്ടുണ്ടന്നും ഒരിക്കൽ പോലും തന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടില്ലെന്നും ടി.ജി. നന്ദകുമാർ കൊച്ചിയിൽ വ്യക്തമാക്കി.

ദല്ലാൾ നന്ദകുമാർ തന്നെ സമീപിച്ചപ്പോൾ ഇറങ്ങി പോകാൻ പറഞ്ഞുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവകാശപ്പെട്ടത്. എന്നാൽ ഈ വാദം തള്ളുകയാണ് നന്ദകുമാർ. സോളാര്‍ കേസിലെ പരാതിക്കാരി എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് 25 പേജുള്ള കത്ത് കൈമാറുകയുമായിരുന്നു. 2016 ലാണ് ശരണ്യ മനോജ്‌ കത്ത് ഏൽപ്പിച്ചതെവെന്നും ടി.ജി. നന്ദകുമാർ പറയുന്നു.

കത്ത് വി എസ് അച്യുതാനന്ദനെയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിന്‍റെ സമയത്തോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത്. പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഒരു രൂപ പോലും വാങ്ങാതെയാണ് സ്വകാര്യ ചാനലിന് കത്ത് നൽകിയതെന്നും നന്ദകുമാർ പറഞ്ഞു.

Comments (0)
Add Comment