മാല മോഷ്ടിച്ചെന്ന സംശയത്തെ തുടര്‍ന്ന് 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ട യുവതി രംഗത്ത്. പൊലീസിനെതിരെ താന്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനെതിരെ പരാതിയുമായി ചെന്ന തന്നോട് പി ശശി നിസ്സംഗതയോടെയാണ് പെരുമാറിയതെന്ന് ബിന്ദു പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പൊലീസ് പിടിച്ചോളുമെന്നും
കാര്യങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും അദ്ദേഹം തയാറായില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രസന്നന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയും ബിന്ദു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി. തന്നെ കാണാനെത്തിയ ഭര്‍ത്താവിനെ പ്രസന്നന്‍ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചു. ഇരുപത് മണിക്കൂറുകളോളമാണ് തന്നെ സ്റ്റേഷനില്‍ പിടിച്ചിരുത്തിയത്. ഇടയ്ക്കിടെ മാല എവിടെയെന്ന് ചോദിച്ചുകൊണ്ടേയിരിക്കും. മാനസികമായി തളര്‍ത്തിക്കളയുന്നതായിരുന്നു പ്രസന്നന്റെ രീതിയെന്നും ബിന്ദു പറഞ്ഞു.
പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് മോഷണക്കുറ്റം സമ്മതിപ്പിച്ചെന്ന് ബിന്ദു വെളിപ്പെടുത്തിയിരുന്നു. പിറ്റേ ദിവസം രാവിലെയോടെ കാണാതായ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും അത് മറച്ചുവെച്ച് ഭീഷണിപ്പെടുത്താനാണ് എസ്.ഐ ശ്രമിച്ചത്. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത് റൂമില്‍ പോയി കുടിക്കാന്‍ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നതും പൊലീസിനെതിരായ ഗുരുതര ആരോപണങ്ങളാണ്. ജോലി കഴിഞ്ഞ് മടങ്ങവേ ബസ്റ്റോപ്പില്‍ നിന്നാണ് ബിന്ദുവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. പൊലീസുകാരുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് ചെയ്യാത്ത കുറ്റം ബിന്ദു ഏറ്റെടുത്തത്.