സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി. പൊതുപ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് പരാതി നല്‍കിയത്. തലസ്ഥാനത്ത് നടന്ന സിനിമ കോണ്‍ക്ലേവില്‍ അടൂര്‍ നടത്തിയ സ്ത്രീ/ ദളിത് വിരുദ്ധ പ്രസംഗത്തിലാണ് പരാതി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എസ് സി -എസ് ടി ആക്ട് പ്രകാരവും പരാതി നല്‍കിയിട്ടുണ്ട്.
പട്ടിക ജാതി വിഭാഗക്കാര്‍ക്കും സിനിമ എടുക്കാന്‍ വരുന്ന സ്ത്രീകള്‍ക്കും വെറുതെ പണം നല്‍കരുതെന്നായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം. കേവലം പണം നല്‍കുന്നതിന് പകരം അവര്‍ക്ക് സിനിമ നിര്‍മ്മാണത്തില്‍ തീവ്ര പരിശീലനം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ സിനിമയ്ക്ക് നല്‍കുന്ന ഒന്നരക്കോടി രൂപ അധികമാണ്. അത് 50 ലക്ഷം വീതം മൂന്നുപേര്‍ക്ക് നല്‍കണം. ഈ ഫണ്ട് വാണിജ്യ സിനിമകള്‍ക്കല്ല, നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ളതാണ്. സൂപ്പര്‍ താരങ്ങളെ വെച്ച് സിനിമയെടുക്കാന്‍ ഈ പണം ഉപയോഗിക്കരുതെന്നും അടൂര്‍ പറഞ്ഞു. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം ഒരു ‘വൃത്തികെട്ട സമരം’ ആയിരുന്നു. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതുകൊണ്ടാണ് സമരം നടന്നതെന്നും അദ്ദേഹം പറഞ്ഞു. അടൂരിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.