കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയം അപ്പയുടെ 13–ാം വിജയമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നുവെന്നും അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അപ്പ എല്ലാവർക്കും കൈയെത്തും ദൂരത്തുണ്ടായിരുന്നു. അതുപോലെ രാഷ്ട്രീയവും മതവും ഒന്നും നോക്കാതെ എല്ലാവർക്കുമൊപ്പം താനുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
‘‘അപ്പ 53 വർഷം ഈ നാട്ടിൽ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടർച്ചയ്ക്ക് പുതുപ്പള്ളിയോടൊപ്പം ഞാനും ഉണ്ടാകും. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. വികസന തുടർച്ചയ്ക്കുവേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത്. വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരും എനിക്ക് സമൻമാരാണ്. ഏതൊരാൾക്കും അപ്പയുടെ അടുത്തുവന്നു പറയാൻ വിധം അദ്ദേഹം കൈയെത്തും ദൂരത്ത് ഉണ്ടായിരുന്നു. അതുപോലെ തന്നെ ഞാനും കൈയെത്തും ദൂരത്ത് ഉണ്ടാകും. അതിന് പാർട്ടിയോ ജാതിയോ മതമോ ഒന്നും പ്രശ്നമില്ല. നമുക്ക് ഈ നാടിനുവേണ്ടി ഒന്നിച്ച് മുന്നോട്ട് നീങ്ങാം. അപ്പ ഓരോ വീട്ടിലെയും സഹോദരനായിരുന്നു. മകനായിരുന്നു, സുഹൃത്തായിരുന്നു. അതേ സ്നേഹമാണ് എനിക്കും കിട്ടിയത്. ജനങ്ങളുടെ സ്നേഹത്തിന് നന്ദി പറയുന്നു. അപ്പ ഉണ്ടായിരുന്നതുപോലെ മകനായി, സഹോദരനായി, സുഹൃത്തായി വഴികാട്ടിയായി ഞാനും ഉണ്ടാകും. പുതുപ്പള്ളിയുടെ വികസനത്തിന്, വളർച്ചയ്ക്ക് ഒരുമിച്ച് പ്രവർത്തിക്കാം’’– ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനും തന്നോടും കുടുംബത്തോടും ഒപ്പം ചേർന്നുനിന്ന് ഈ തിരഞ്ഞെടുപ്പ് ഒരു വൻ വിജയമാക്കി മാറ്റാൻ സഹായിച്ച ഓരോരുത്തർക്കും ചാണ്ടി ഉമ്മൻ പ്രത്യേകം നന്ദി പറഞ്ഞു. തന്‍റെ വിജയത്തിനു പിന്നാലെ സിപിഎം അക്രമം അഴിച്ചുവിട്ടതിനെ ചാണ്ടി ഉമ്മന്‍ വിമർശിച്ചു. “ഇന്നലെ മുതൽ ഈ മണ്ഡലത്തിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഇന്നും കോൺഗ്രസിന്‍റെ പ്രവർത്തകരെ ആക്രമിച്ചു. കായികമായി നേരിടാമെന്ന് വിചാരിച്ചാൽ അതിനെ എന്തുവില കൊടുത്തും നേരിടും” – ചാണ്ടി ഉമ്മൻ പറഞ്ഞു.
53 വർഷമായി തന്‍റെ പിതാവ് നടത്തിവന്ന വികസനം തുടരുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തലപ്പാടിയിലെ ഒരു സുപ്പർസ്പെഷ്യാലിറ്റി ആശുപത്രിയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സ്വപ്നം. അതിന് സർക്കാരിന്‍റെ പിന്തുണയുണ്ടാകണം. പുതുപ്പള്ളിയുടെ വികസനത്തെ കുറിച്ച് ഏറെ ആകാംഷയുണ്ടായിരുന്ന സർക്കാർ അതിനാവശ്യമായ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.