ലോക്ക്ഡൗണ്‍ ലംഘനം: ക്ഷേത്രത്തില്‍ ഒത്തുകൂടിയ വിവാദ ആള്‍ദൈവം ദാത്തി മഹാരാജിനും അനുയായികള്‍ക്കുമെതിരെ കേസ്

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയതിന് വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ദാത്തി മഹാരാജിനെതിരേ ഡല്‍ഹി പൊലീസ് കേസെടുത്തു. ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് വെള്ളിയാഴ്ചയാണ് തെക്കന്‍ ഡല്‍ഹിയിലെ ശനിധാം ക്ഷേത്രത്തില്‍ അനുയായികള്‍ക്കൊപ്പം ദാത്തി മഹാരാജ് എത്തി പ്രാര്‍ഥന നടത്തിയത്. സാമൂഹ്യ അകലം പാലിക്കാതെ 30 ഓളം പേർ പങ്കെടുത്ത ചടങ്ങില്‍ പലരും മാസ്ക് പോലും ധരിച്ചിരുന്നില്ല.

സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം ഇടപെടുകയായിരുന്നു. ജില്ലാ ഭരണകൂടം വിവരമറിയിച്ചതനുസരിച്ച് പോലീസ് കേസെടുക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയത് ഗുരുതര നിയമലംഘനമാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അനുയായികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അനുയായിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയാണ് വിവാദ ആള്‍ദൈവമായ ദാത്തി മഹാരാജ്. ഈ കേസില്‍ 2018ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

Comments (0)
Add Comment