ബുധനാഴ്ച കര തൊടാന്‍ ‘യാസ്’ ; 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും, എട്ട് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Jaihind Webdesk
Monday, May 24, 2021

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റും അതിനടുത്ത 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റുമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസം, മേഘാലയ, ബിഹാർ, ജാർഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ, ബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ബുധനാഴ്ചയോടെ ബംഗാള്‍, ഒഡീഷ തീരത്ത് യാസ് കര തൊടും. മണിക്കൂറില്‍ 160 കിലോമീറ്റർ വരെ വേഗതയിൽ അതിശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ബംഗാളിലും ഒഡീഷയിലും അതിതീവ്ര ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ പാരദ്വീപ്, സാഗര്‍ ദ്വീപുകള്‍ക്കിടയില്‍ അതിതീവ്ര ചുഴലിയായി യാസ് കരതൊടാനുള്ള സാധ്യതയാണു കണക്കാക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സംഘം, സൈന്യം, തീരരക്ഷാസേന എന്നിവര്‍ എത്തി. ബംഗാളില്‍ 32 എന്‍ഡിആര്‍എഫ് സംഘങ്ങളും ഒഡിഷയില്‍ 28 സംഘങ്ങളുമാണ് എത്തിയത്. ഒരു വിഭാഗം ആന്ധ്ര, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലും തമ്പടിച്ചിട്ടുണ്ട്. ഒഡിഷ, ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആന്‍ഡമാന്‍ ഗവര്‍ണറുമായും ആഭ്യന്തരമന്ത്രി അമിതാ ഷാ ചര്‍ച്ച നടത്തും.

കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലത്തെ സ്ഥിതി അനുസരിച്ച് പോര്‍ട്ട് ബ്ലെയറില്‍നിന്ന് 600 കിലോമീറ്റർ അകലെയാണ് യാസ് ഉള്ളത്. കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ തീരത്തു വീശിയ ടൗട്ടെ ചുഴലിക്കാറ്റിനു സമാനമായ തരത്തില്‍ ശക്തമായിതന്നെ യാസും വീശിയടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. ഒമാനാണ് ചുഴലിക്കാറ്റിന് ‘യാസ്’ എന്നു പേര് നല്‍കിയത്.

കേരളത്തിലെ യെല്ലോ അലര്‍ട്ട് ഇങ്ങനെ :

24-05-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

25-05-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

26-05-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി