വായു ചുഴലിക്കാറ്റ്: സഹായമെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറായിരിക്കണമെന്ന് രാഹുല്‍ ഗാന്ധി

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കർമനിരതരാകാന്‍ കോണ്‍ഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍‌ രാഹുല്‍ ഗാന്ധി. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവർത്തകരും സംവിധാനങ്ങളും ഒരുങ്ങിയിരിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി.

‘വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സഹായം എത്തിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംവിധാനങ്ങളും സജ്ജമായിരിക്കാന്‍  ഞാന്‍ ആവശ്യപ്പെടുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’- രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

വായു ചുഴലിക്കാറ്റ് വ്യാഴാഴ്ച ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കച്ച്, സൌരാഷ്ട്ര മേഖലകളില്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അടിയന്തര സാഹചര്യമുണ്ടായാല്‍ ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ സജ്ജരായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

rahul gandhicyclone vayu
Comments (0)
Add Comment