വെള്ളക്കെട്ടിലായി ചെന്നൈ, അഞ്ച് മരണം; അഞ്ച് ജില്ലകളില്‍ ഇന്നും അവധി; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

Jaihind Webdesk
Tuesday, December 5, 2023

 

ചെന്നൈ: മിജോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ 5 മരണം. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും ഇപ്പോഴും തുടരുകയാണ്. ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഡാമുകൾ തുറന്നിരിക്കുന്നതിനാൽ നഗരത്തിൽനിന്ന് വെള്ളം ഇറങ്ങാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. ഇന്നലെ അടച്ചിട്ട വിമാനത്താവളം ഇന്നു തുറന്നേക്കും. ആയിരത്തിലേറെ പേരെ ക്യാമ്പുകളിലേക്കു മാറ്റി.

അതേസമയം ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്‍ലി പട്ടണത്തിനും ഇടയിൽ ഇന്ന് രാവിലെയോടെ കര തൊടുമെന്നു വിലയിരുത്തൽ. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ മിചോങ് ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായ മഴ അനുഭവപ്പെടുന്നു. 8 ജില്ലകളിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. മിഷോങ് ഇന്നു രാവിലെയോടെ 110 കിലോമീറ്റർ വേഗത്തിൽ കരതൊടുമെന്നാണ് നിഗമനം.

തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയിൽ ചെന്നൈ നഗരം വൻ വെള്ളക്കെട്ടായി. കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി. വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളും ഉൾപ്പെടെ 5 പേർ മരിച്ചു. ഇന്നലെ ഉച്ചവരെ 34 സെ.മീ. മഴയാണ് ചെന്നൈ നഗരത്തിൽ പെയ്തത്. 2015-ലെ പ്രളയത്തിന് ഇടയാക്കിയത് 33 സെ.മീ. മഴയായിരുന്നു.