നാശം വിതച്ച് മാന്‍ഡസ് ചുഴലിക്കാറ്റ്; 5 മരണം, 600 കോടിയുടെ നാശനഷ്ടം,ജാഗ്രത പാലിക്കണമെന്ന് എം കെ സ്റ്റാലിന്‍

Jaihind Webdesk
Sunday, December 11, 2022

ചെന്നൈ; തമിഴ്നാടിന്‍റെയും ആന്ധ്രാപ്രദേശിന്‍റെയും വിവിധ പ്രദേശങ്ങളില്‍ നാശം വിതച്ച് മാന്‍ഡസ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന്‍റെ കെടുതിയിൽ ഇതുവരെ  തമിഴ്നാട്ടില്‍ അഞ്ചു പേര്‍ മരിച്ചു.  തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ്  ഇവര്‍ കൊല്ലപ്പെട്ടത്. 181 വീടുകള്‍ തകര്‍ന്നു. ചെന്നൈ കോര്‍പറേഷനില്‍ മാത്രം 600 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. സംസ്ഥാനത്ത് 205 ദുരിതാശ്വാസ ക്യാംപുകളിലായി ഒന്‍പതിനായിരത്തോളം പേരാണ് കഴിയുന്നത്.

അതേസമയം ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്.  നിരവധി വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയതിനാൽ 15 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം  നിർത്തിവെച്ചിരിക്കുകയാണ്.  ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്.   ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.