ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി; കേരളത്തില്‍ 4 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Jaihind Webdesk
Wednesday, August 3, 2022

 

തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 3 മുതൽ 7 വരെ വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കാരണം.

ഓഗസ്റ്റ് 3 മുതൽ 5 വരെയാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്ന മഴയ്ക്ക് നേരിയ ശമനം വന്നതോടെ സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിരുന്നു. നിലവിൽ ഒരിടത്തും റെഡ് അലർട്ടില്ല.

വ്യാഴാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നല്‍കിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ടുള്ളത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതു കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ചില ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി ബോർഡിനു കീഴിലെ 6 അണക്കെട്ടുകളിൽ റെഡ് അലർട്ടുണ്ടെങ്കിലും ഇവ തൽക്കാലം തുറക്കില്ല. തുടർച്ചയായ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത ഏറെയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും നിർദേശമുണ്ട്.