മിഗ്ജൗമ് ചുഴലിക്കാറ്റായി; രണ്ട് പേർ മരിച്ചു, സ്കൂളുകള്‍ക്ക് അവധി

Jaihind Webdesk
Monday, December 4, 2023

ചെന്നൈ :  കനത്ത മഴയിലും ചുഴലിക്കാറ്റ് ഭീതിയിലും മുങ്ങി ചെന്നൈ നഗരം. ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണ് രണ്ട് ജാർഖണ്ഡ് സ്വദേശികൾ മരിച്ചു. അതേസമയം കനത്ത  മഴയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളവും അടച്ചു. കേരളത്തിൽ നിന്നുള്ള നിരവധി ട്രെയിനുകളും കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്സ്പ്രെസും റദ്ദാക്കിയിട്ടുണ്ട്. ചെന്നെെ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറിയിരിക്കുകയാണ്. സബ്‌വേകളും അടിപ്പാലങ്ങളും മുങ്ങി. വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് ആറു ജില്ലകളില്‍ പൊതു അവധിയാണ്. നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവളളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ കൂടുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റര്‍ അകലെ മാത്രമാണ്. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുകയെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട്ടിൽ ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരുമെന്നും അറിയിച്ചിട്ടുണ്ട്.