മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ മരണം 17 കടന്നു. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ല. അതേസമയം കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. മിഷോങ്ങിന്റെ പ്രഭാവത്തിലുണ്ടായ പ്രളയവും മഴക്കെടുതിയും മൂന്നാം ദിവസം പിന്നിടുമ്പോള്‍ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. ചെന്നൈയില്‍ മാത്രം ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി 61,000-ത്തിലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ പ്രദേശങ്ങളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും നല്കിയ അവധി നീട്ടിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിതരണം താറുമാറായത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.