മസ്കറ്റ്: തീവ്ര ന്യൂനമർദം ദോഫാർ ഗവർണറ്റിൽ സദക്കും സലാലക്കുമിടയിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന മണിക്കൂറുകൾക്കുള്ളിൽ ഇത് പടിഞ്ഞാറേക്ക് നീങ്ങാനാണ് സാധ്യത. കനത്ത മഴയും കൊടുങ്കാറ്റും തുടരും.
അടുത്ത 24 മണിക്കൂറിനുള്ളിൽ 200 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിൽ പറയുന്നു. മണിക്കൂറിൽ 46 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റടിക്കുന്നത്. വാദികൾ നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അൽ വുസ്ത ഗവർണറേറ്റിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ദോഫാർ, അൽ വുസ്ത, ശർഖിയ ഗവർണറേറ്റുകളിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് പല റോഡുകളിലും ഗതാഗതമ തടസപ്പെട്ടു. തുംറൈത്ത്-അൽ മസ്യൂന ഫ്രീസോൺ റോഡിൽ രണ്ട് വശത്തേക്കുമുള്ള ഗതാഗതം തടസപ്പെട്ടതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തീര പ്രദേശത്തുള്ള ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തഖായിലെ വാലി ആവശ്യപ്പെട്ടു. നിറഞ്ഞൊഴുകുന്ന വാദി ദർബാത്ത് പരിസരം ഒഴിപ്പിക്കാനും നിർദേശിച്ചു. അൽ മഅ്മൂറ ടണലിൽ വെള്ളമുയർന്നതിനാൽ സലാല-തഖാ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഹാസിഖ്-ഷുവൈമിയ റോഡിൽ മണ്ണിടിച്ചിലും റോഡിലേക്ക് പാറക്കല്ലുകൾ വീണതായും റിപ്പോർട്ടുകളുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. സദായിൽ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളിലൂടെയടക്കം വെള്ളം കുത്തിയൊലിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സലാല നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച ഉച്ച വരെ ശക്തി കുറഞ്ഞ മഴയാണ് ഉണ്ടായത്. വൈകുന്നേരത്തോടെ മഴക്ക് ശക്തി കൂടിയതായി ഇവിടത്തെ താമസക്കാർ പറഞ്ഞു. ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പേരും സ്വദേശികളാണ്. ഐൻ റസാത്തിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. രക്ഷാ പ്രവർത്തനം അടക്കമുള്ളവക്കായി റോയൽ ഒമാൻ നേവിയുടെ കപ്പൽ സലാലയിൽ എത്തിയിട്ടുണ്ട്.