തീവ്രന്യൂനമര്‍ദ്ദം: ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് ; മഴയും കാറ്റും ശക്തമാകുന്നു, മരണം നാലായി; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്‍ നേവി കപ്പല്‍ സലാലയില്‍

Jaihind News Bureau
Sunday, May 31, 2020

മസ്കറ്റ്: തീവ്ര ന്യൂനമർദം ദോഫാർ ഗവർണ​റ്റിൽ സദക്കും സലാലക്കുമിടയിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന മണിക്കൂറുകൾക്കുള്ളിൽ ഇത്​ പടിഞ്ഞാറേക്ക്​ നീങ്ങാനാണ്​ സാധ്യത. കനത്ത മഴയും കൊടുങ്കാറ്റും തുടരും.

അടുത്ത 24 മണിക്കൂറിനുള്ളിൽ 200 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിൽ പറയുന്നു. മണിക്കൂറിൽ 46 കിലോമീറ്റർ വരെ വേഗതയിലാണ്​ കാറ്റടിക്കുന്നത്​. വാദികൾ നിറഞ്ഞൊഴുകുകയാണ്​. താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അൽ വുസ്​ത ഗവർണറേറ്റിലും ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയുണ്ട്​. ദോഫാർ, അൽ വുസ്​ത, ശർഖിയ ഗവർണറേറ്റുകളിൽ കടൽ പ്രക്ഷുബ്​ധമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന്​ പല റോഡുകളിലും ഗതാഗതമ തടസപ്പെട്ടു. തുംറൈത്ത്​-അൽ മസ്​യൂന ഫ്രീസോൺ റോഡിൽ രണ്ട്​ വശത്തേക്കുമുള്ള ഗതാഗതം തടസപ്പെട്ടതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. തീര പ്രദേശത്തുള്ള ജനങ്ങ​ളോട് സുരക്ഷിത സ്​ഥാനങ്ങളിലേക്ക്​ മാറാൻ തഖായിലെ വാലി ആവശ്യപ്പെട്ടു. നിറഞ്ഞൊഴുകുന്ന വാദി ദർബാത്ത്​ പരിസരം ഒഴിപ്പിക്കാനും നിർദേശിച്ചു. അൽ മഅ്​മൂറ ടണലിൽ വെള്ളമുയർന്നതിനാൽ സലാല-തഖാ റോഡിൽ ഗതാഗതം സ്​തംഭിച്ചു. ഹാസിഖ്​-ഷുവൈമിയ റോഡിൽ മണ്ണിടിച്ചിലും റോഡിലേക്ക്​ പാറക്കല്ലുകൾ വീണതായും റിപ്പോർട്ടുകളുണ്ട്​. താഴ്​ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്​തു. സദായിൽ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളിലൂടെയടക്കം വെള്ളം കുത്തിയൊലിക്കുന്നതി​​ന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.
സലാല നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്​ച രാത്രി മുതൽ ശനിയാഴ്​ച ഉച്ച വരെ ശക്​തി കുറഞ്ഞ മഴയാണ്​ ഉണ്ടായത്​. വൈകുന്നേരത്തോടെ മഴക്ക്​ ശക്​തി കൂടിയതായി ഇവിടത്തെ താമസക്കാർ പറഞ്ഞു. ഇതുവരെ രണ്ട്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. രണ്ട്​ പേരും സ്വദേശികളാണ്​. ​ ഐൻ റസാത്തിലാണ്​ ഇവർ ഒഴുക്കിൽപ്പെട്ടത്​. രക്ഷാ പ്രവർത്തനം അടക്കമുള്ളവക്കായി റോയൽ ഒമാൻ നേവിയുടെ കപ്പൽ സലാലയിൽ എത്തിയിട്ടുണ്ട്​.