സി പി എംമ്മില്‍ വിഭാഗീയതയും ചേരിപ്പോരും തുടരുന്നതിനിടയില്‍ പത്തനംതിട്ട സിപിഎമ്മിലെ സൈബര്‍ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആര്‍ സനല്‍ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുകയാണ്. ‘കപ്പല്‍ മുങ്ങിയാലും കപ്പിത്താന്‍ ചത്താല്‍ മതി എന്നാണ് സനലിന്റെ നിലപാട്’ എന്നാണ് പോസ്റ്റിലെ വിമര്‍ശനം. ‘ആറന്മുളയുടെ ചെമ്പട’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീണ ജോര്‍ജിനെ അനുകൂലിച്ചും സനല്‍ കുമാറിനെ വിമര്‍ശിച്ചും തുടര്‍ച്ചയായി പോസ്റ്റുകള്‍ വരുന്നത്.
പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ സമയത്ത് തന്നെ പിണറായി വിജയന്‍, സിപിഎമ്മിലെ വിഭാഗീയത പൂര്‍ണ്ണമായി അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രണ്ട് തവണ മുഖ്യമന്ത്രിയായിട്ടും ചിലയിടങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി അവസാനിച്ചില്ല എന്നതിന്റെ സൂചനയാണ് പത്തനംതിട്ടയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
കൊല്ലം സമ്മേളനത്തോടെ വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാക്കി ഉയര്‍ത്തിയ സമയം മുതലാണ് പത്തനംതിട്ട പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് വിവരം. ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട് ‘ആറന്മുള ചെമ്പട’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി.
‘ആറന്മുള ചെമ്പട’ എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ ആരോഗ്യമന്ത്രിക്കെതിരെ പത്തനംതിട്ടയില്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നത് മുതിര്‍ന്ന നേതാവ് ആര്‍. സനല്‍കുമാര്‍ ആണെന്ന് പറയുന്നുണ്ട്. ആരോഗ്യമേഖലയിലെ മന്ത്രിയുടെ ഇടപെടലുകളെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് തന്നെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന കമന്റുകളും ഈ പോസ്റ്റുകള്‍ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സോഷ്യല്‍ മീഡിയയിലെ ഈ വിഭാഗീയ പ്രവര്‍ത്തനം ജില്ലാ നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ‘ആറന്മുള ചെമ്പട’ എന്ന ഗ്രൂപ്പിന് പിന്നില്‍ ആരാണെന്നും, ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും നേതാക്കന്മാര്‍ക്ക് പങ്കുണ്ടോ എന്നും പാര്‍ട്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂചന.
സിപിഎമ്മിന്റെ ആഭ്യന്തര വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായതോടെ, ഇത് വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.