മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: ഫേസ്ബുക്കിനോട് വിവരങ്ങള്‍ തേടി; ഇടതുപക്ഷ സൈബര്‍ പ്രചാരകരെ കേന്ദ്രീകരിച്ച് അന്വേഷണം

Jaihind News Bureau
Friday, August 14, 2020

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ഫേസ്ബുക്കിനോട് വിവരങ്ങള്‍ തേടി. ടി.ജെ.ജയജിത്, ദേശാഭിമാനി ജീവനക്കാരനായ വിനീത് വി യു, കണ്ണന്‍ ലാല്‍ എന്നിവരുടെ അക്കൗണ്ട് വിവരങ്ങൾ തേടി ഫെയ്സ്ബുക്കിന് കത്തുനല്‍കി. ഇവര്‍ ലൈംഗികച്ചുവയുള്ള സന്ദേശം പ്രചരിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കി.

സർക്കാരിനെതിരായ വിമർശനങ്ങളും ചോദ്യങ്ങളും ഉയർന്നതോടെയാണ് മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം ശക്തമായത്.  സൈബർ ആക്രമണത്തില്‍ പരാതി പ്രാഥമികമായി പരിശോധിച്ച് നിലനിൽക്കുന്നതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ഐപിസി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പ്രാഥമികമായി പരിശോധിച്ചപ്പോൾ ഈ സന്ദേശങ്ങൾക്ക് തുടക്കമിട്ട മൂന്ന് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. അക്കൗണ്ടുകൾ മൂന്നും ഇടത് അനുഭാവികളുടേതാണ് എന്നതാണ് ശ്രദ്ധേയം.

സാങ്കേതികമായി അന്വേഷണം നടക്കേണ്ടതിനാല്‍ ഈ വ്യക്തികളെ ആദ്യം ചോദ്യം ചെയ്യുക എന്നതിനപ്പുറത്തേക്ക് ഈ അക്കൗണ്ടുകൾ ഇവരുടെ തന്നെയെന്ന്  ഉറപ്പുവരുത്തുക എന്നതാണ് സൈബർ പൊലീസ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടിയാണ് ഈ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കിനോട് വിവരങ്ങൾ തേടിയത്. ഒരാഴ്ചയ്ക്കുള്ളിൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന് വിലയിരുത്തൽ. അതനുസരിച്ചാകും ഇവരെ ചോദ്യം ചെയ്യുകയും, അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുക. ഇത്തരം സന്ദേശങ്ങൾ മറ്റ് അക്കൗണ്ടുകളിൽ നിന്ന് വന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സൈബർഡോം , ഹൈടെക്സെൽ , സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തിന്‍റെ പരിശോധന നടക്കുന്നത്. അതേസമയം മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാൽ ഡി ജി പി ലോക്നാഥ് ബെഹ്റ സംഭവം അന്വേഷിക്കാൻ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറിനോട് അവശ്യപ്പെടുകയായിരുന്നു.