സൈബർ സാമ്പത്തിക തട്ടിപ്പ്: 265 കോടിയിലധികം രൂപ തിരിച്ചുപിടിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; എം.കെ രാഘവന്‍ എംപിയുടെ ചോദ്യത്തിന് മറുപടി

Jaihind Webdesk
Tuesday, March 21, 2023

 

ന്യൂഡൽഹി: സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ വഞ്ചിക്കപ്പെടുന്ന വ്യക്തികളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര. നഷ്ടമായ തുകയിൽ 265 കോടിയിലധികം രൂപ തിരിച്ചു പിടിക്കാൻ സാധിച്ചെന്നും മന്ത്രി ലോക്സഭയില്‍ അറിയിച്ചു. സൈബർ സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പുകൾ സംബന്ധിച്ച് എം.കെ രാഘവൻ എംപി ഉന്നയിച്ച ചോദ്യത്തിനാണ് ആഭ്യന്തര സഹമന്ത്രി മറുപടി നൽകിയത്.

2019 മുതൽ 2021 വരെ രാജ്യത്ത് നടന്ന സൈബർ തട്ടിപ്പുകേസുകളിൽ നഷ്ടമായ തുകയിൽ 265 കോടിയിലധികം രൂപ തിരിച്ചു പിടിക്കാൻ സാധിച്ചു. എന്നാൽ ഇത്തരം തട്ടിപ്പുകളിലൂടെ ആകെ നഷ്ടമായ തുക എത്രയാണെന്നതില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തിയില്ല. സൈബർ അധിഷ്ഠിത സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും എസ്എംഎസ് സർവീസുകളിലൂടെയും റേഡിയോയിലൂടെയും ബോധവത്കരണ ക്യാമ്പെയ്നുകൾ സംഘടിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

2019 ൽ 44,735 സൈബർ കുറ്റകൃത്യങ്ങളാണ് രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്തത്. ഇതില്‍ 15268 പേരെ അറസ്റ്റ് ചെയ്യുകയും 486 പേർ ശിക്ഷിക്കപ്പെടുകയും ചെയ്തു. 2020 ൽ രജിസ്റ്റർ ചെയ്ത 50,035 കേസുകളിൽ 18,420 പേരെ അറസ്റ്റ് ചെയ്യുകയും 1,369 പേർ ശിക്ഷിക്കപ്പെടുകയും ചെയ്തു. 2021 ൽ രജിസ്റ്റർ ചെയ്ത 52,974 കേസുകളിൽ 27,374 പേരെ അറസ്റ്റ് ചെയ്യുകയും 736 പേർ ശിക്ഷിക്കപ്പെടുകയും ചെയ്തു.

സൈബർ കേസുകളുടെ എണ്ണത്തിൽ കേരളത്തിൽ തിരുവനന്തപുരം സിറ്റി, മലപ്പുറം, തിരുവനന്തപുരം റൂറൽ, ഏറണാകുളം സിറ്റി, തൃശൂർ സിറ്റി എന്നിങ്ങനെയാണ് മുമ്പിൽ. ഏറ്റവും കുറവ് കണ്ണൂർ റൂറലിലും, വയനാട്, കോട്ടയം ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിലാണെന്നും ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.