തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമ പ്രവർത്തകന് സമൂഹമാധ്യമങ്ങളിലൂടെ സൈബര്‍ സഖാക്കളുടെ ആക്രമണം. ജോലി കൂടി നഷ്ടമായതോടെ കടുത്ത മാനസികസമ്മർദ്ദത്തിലായ മാധ്യമപ്രവര്ത്തകന് ആത്മഹത്യക്ക് ശ്രമിച്ചു. കേരളാ വിഷന്‍ ന്യൂസ് ഹെഡും റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ടറുമായിരുന്ന പ്രജീഷാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ആക്രമണം നേരിടുന്നത്.
അഴിമതി സംബന്ധിച്ച ചോദ്യങ്ങളില്‍ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രി ചോദ്യങ്ങളുന്നയിക്കുന്ന മാധ്യമപ്രവർത്തകരുടെ നേരെ കടന്നാക്രമിക്കുന്നതിനെ വിമർശിച്ചായിരുന്നു പ്രജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘മിസ്റ്റര്‍ പിണറായി വിജയന് താങ്കള്‍ കേരളാ മുഖ്യമന്ത്രി ആണ്.. അത് ജനാധിപത്യ വ്യവസ്ഥയില്‍ ഉണ്ടായതാണ് എന്ന ഓര്‍മ്മ വേണം. ചോദ്യങ്ങള്‍ക്ക് മുന്നില്‍ ധാര്‍ഷ്ട്യം പൂണ്ടതിന് കാര്യമില്ല. ഇത് സാധാരണക്കാരന് വേണ്ടിയാണ് ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നത്. ഉത്തരം പറയാന്‍ പറ്റിയില്ലെങ്കില്‍ മിണ്ടാതിരി വിജയാ… ചൂടാവണമെന്നുണ്ടെങ്കില് കമല ഇല്ലേ വീട്ടില്‍..പുള്ളിക്കാരി നല്ല ചൂടുവെള്ളം ഉണ്ടാക്കി തരും’- എന്നായിരുന്നു പ്രജീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിന് പിന്നാലെ സൈബര്‍ സഖാക്കളും ഇടത് അനുഭാവികളും പ്രജീഷിനെ സൈബറിടങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണം കടുത്തതോടെ കേരളാ വിഷന്‍ മാനേജ്മെന്റ് പ്രജീഷിനോട് നിര്‍ബന്ധിതമായി അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെ പ്രജീഷ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നനിലയില്‍ കണ്ടെത്തിയ പ്രജീഷിനെ സുഹൃത്തുക്കളാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേര് പറഞ്ഞ് ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം കടുക്കുന്നത്. പ്രതിഷേധം കടുത്തതോടെ പോസ്റ്റ് എഡിറ്റ് ചെയ്തെങ്കിലും സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ കമന്റായി പോസ്റ്റ് ചെയ്താണ് സൈബറിടങ്ങളില്‍ ആക്രമണം കടുപ്പിക്കുന്നത്. പതിവ് കൊറോണ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനാകുന്ന മുഖ്യമന്ത്രിയുടെ നടപടിയുടെ ചുവടുപിടിച്ച് മാധ്യമപ്രവര്‍ത്തകരെ തേജോവധം ചെയ്യുകയാണ് സൈബര്‍ സഖാക്കളും ഇടത് അനുഭാവികളും.