CV PADMARAJAN | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.വി. പത്മരാജന്റെ സംസ്‌കാരം നാളെ പരവൂരില്‍

Jaihind News Bureau
Wednesday, July 16, 2025

കൊല്ലം: കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുന്‍ കെപിസിസി പ്രസിഡന്റ് സി.വി. പത്മരാജന്‍ (94) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കെ. കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹം, ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടിയെ സ്‌നേഹിച്ച നേതാവെന്ന നിലയില്‍ ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.

പൊതുദര്‍ശനവും സംസ്‌കാരവും

അല്പസമയത്തിനകം മൃതദേഹം കൊല്ലം ആനന്ദവല്ലീശ്വരത്തെ വസതിയിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഇപ്രകാരമാണ്:

ഇന്ന് (ബുധന്‍) രാത്രി 8 മണി മുതല്‍ ആനന്ദവല്ലീശ്വരത്തെ വസതിയില്‍ പൊതുദര്‍ശനം ആരംഭിക്കും.

നാളെ (വ്യാഴം) ഉച്ചയ്ക്ക് 1 മണി വരെ വസതിയിലെ പൊതുദര്‍ശനം തുടരും.

ഉച്ചയ്ക്ക് 1:30 വരെ അദ്ദേഹം ദീര്‍ഘകാലം നേതൃത്വം നല്‍കിയ കൊല്ലം അര്‍ബന്‍ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ കൊല്ലം ഡി.സി.സി. ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ടാകും.

ഡിസിസിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി ജന്മനാടായ പരവൂരിലേക്ക് കൊണ്ടുപോകും. കൊട്ടിയം, ചാത്തന്നൂര്‍, തിരുമുക്ക്, നെടുങ്ങോലം വഴിയാണ് വിലാപയാത്ര കടന്നുപോവുക.

നാളെ വൈകുന്നേരം 4 മണിക്ക് പരവൂരിലെ കുടുംബവീട്ടു വളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് പരവൂര്‍ ജംഗ്ഷനില്‍ അനുശോചനയോഗം ചേരും.