മുന്‍ കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന സിവി പത്മരാജന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചിച്ചു.
മതേതരവാദിയും മനുഷ്യ സ്‌നേഹിയുമായ പൊതുപ്രവര്‍ത്തകനായിരുന്നു സിവി പത്മരാജന്‍ വക്കീല്‍. സംസ്ഥാനത്ത് കോണ്‍ഗ്രസിന് മേല്‍വിലാസം ഉണ്ടാക്കിയ നേതാവ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് പത്മരാജന്‍ വക്കീലാണ്. സൗമ്യമായ പെരുമാറ്റം കൊണ്ടും സുതാര്യമായ നിലപാട് കൊണ്ടും ഏവരുടെയും സ്‌നേഹം നേടിയെടുത്ത അദ്ദേഹം എക്കാലവും പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ്. കെപിസിസി പ്രസിഡന്റായി ചുമതല വഹിച്ച കാലഘട്ടത്തില്‍ ഐക്യത്തോടെ പാര്‍ട്ടിയെ നയിച്ചു. പ്രായം തളര്‍ത്താത ഊര്‍ജ്ജസ്വലതയോടെ അവസാന കാലഘട്ടത്തിലും കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച പത്മരാജന്‍ വക്കീലിന്റെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാകത്ത നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിവി പത്മരാജന്റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി ജൂലൈ 17,18 തീയതികളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുന്നു. ഇന്നേ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി ഒഴിച്ചുള്ള മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചതായും സണ്ണി ജോസഫ് അറിയിച്ചു.