CV PADMARAJAN | സി.വി. പത്മരാജന്‍: കേരള രാഷ്ട്രീയത്തിലെ മറ്റൊരു സൗമ്യസാന്നിധ്യം ഓര്‍മ്മയായി

Jaihind News Bureau
Wednesday, July 16, 2025

കൊല്ലം: കേരള രാഷ്ട്രീയത്തിലെ സൗമ്യവും ശക്തവുമായ മുഖമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ സി.വി. പത്മരാജന്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കെ. കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹം, ധനകാര്യം, വൈദ്യുതി, ഫിഷറീസ്, കയര്‍, ദേവസ്വം തുടങ്ങി സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഇന്ദിരാഭവന്റെ ശില്പി

ഇന്ന് തിരുവനന്തപുരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ കോണ്‍ഗ്രസിന് സ്വന്തമായത് സി.വി. പത്മരാജന്റെ ദീര്‍ഘവീക്ഷണത്തിലാണ്. 1983ല്‍ മന്ത്രിസ്ഥാനം രാജിവെച്ച് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം, നന്ദാവനത്തെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി ഓഫീസിന് സ്വന്തമായി ഒരിടം വേണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. പ്രവര്‍ത്തകരില്‍ നിന്ന് പണം പിരിച്ചെടുത്ത് ശാസ്തമംഗലത്തെ ‘പുരുഷോത്തമം’ എന്ന വീട് വാങ്ങുകയും അത് പാര്‍ട്ടിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം

1931 ജൂലൈ 22-ന് കൊല്ലം ജില്ലയിലെ പരവൂരില്‍ കെ. വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച സി.വി. പത്മരാജന്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ സ്വാതന്ത്ര്യ സമരരംഗത്തും അദ്ദേഹം സജീവമായിരുന്നു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് നിയമബിരുദം നേടി അഭിഭാഷകനായി.

1982ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, അതേ വര്‍ഷം തന്നെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി. സാമൂഹ്യക്ഷേമം, ഫിഷറീസ് എന്നീ വകുപ്പുകളാണ് അന്ന് കൈകാര്യം ചെയ്തത്. 1983ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞാണ് കെ.പി.സി.സി. പ്രസിഡന്റ് പദവി ഏറ്റെടുത്തത്. 1983 മുതല്‍ 1987 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 1991ല്‍ വീണ്ടും ചാത്തന്നൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ വൈദ്യുതി, കയര്‍, ധനകാര്യം, ദേവസ്വം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചു.

ധനമന്ത്രിയായിരിക്കെ കേരള നിയമസഭയില്‍ മിച്ച ബജറ്റ് അവതരിപ്പിച്ചുവെന്ന അപൂര്‍വ്വ നേട്ടത്തിനും അദ്ദേഹം ഉടമയാണ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പൊതുമുഖമായി നിലകൊണ്ട നേതാവായിരുന്നു സി.വി. പത്മരാജന്‍.

വസന്തകുമാരിയാണ് ഭാര്യ. സജി, അനി എന്നിവര്‍ മക്കളാണ്. സി.വി. പത്മരാജന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ്.