എം. ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ്

Jaihind News Bureau
Tuesday, October 20, 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ്. ആശുപത്രിയില്‍ ചികിത്സ നടക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ്. മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വാദിച്ചു. ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേയ്ക്ക് തന്നെ ചികിത്സയ്ക്കായി പോയതെന്നും കസ്റ്റംസ് പറയുന്നു.

പൂജപ്പുരയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ശിവശങ്കറിനെ ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന്, നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കിടത്തി ചികിത്സ ആവശ്യമില്ലെന്ന മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. പിന്നാലെ വഞ്ചിയൂരിൽ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എത്ര ദിവസത്തെ ചികിത്സയെന്നു വ്യക്തമല്ല.

ശിവശങ്കറിന്‍റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.