സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് അധോലോക ബന്ധമെന്ന് കസ്റ്റംസിന് വിവരം ലഭിച്ചതായി സൂചന

Jaihind News Bureau
Friday, October 16, 2020

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് അധോലോക ബന്ധമെന്ന് കസ്റ്റംസിന് വിവരം ലഭിച്ചതായി സൂചന. ദാവൂദ് ഇബ്രാഹിം സംഘവുമായി സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരൻ കെ ടി റമീസിന്‍റെ ബന്ധം എൻ ഐ എ കണ്ടെത്തിയതിന് പിന്നാലെയാണ് കസ്റ്റംസ് അന്വേഷണവും അധോലോക ബന്ധങ്ങളിലേയ്ക്ക് നീങ്ങുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ നിർണ്ണായകമായ അന്വേഷണം പുരോഗമിക്കവെയാണ് എൻ.ഐ.എക്ക് പിന്നാലെ കസ്റ്റംസിനും പ്രതികളുടെ അധോലോക ബന്ധങ്ങളെ കുറിച്ച് സൂചനകൾ ലഭിച്ചതായുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. നേരത്തെ ചില സ്വർണക്കടത്ത് കേസ് അന്വേഷണങ്ങളിലും ഉൾപ്പെട്ടവർ കള്ളക്കടത്തിന്‍റെ കേന്ദ്രമായ ടാർസാനിയയിലെ അധോലോക സംഘങ്ങളുമായി ബന്ധപ്പെട്ടതിൻ്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ കെ ടി റമീസും, ഷറഫുദ്ദീനും യു എ ഇ യിലേക്ക് സ്വർണം കടത്തിയതായും അവിടെ നിന്ന് കേരളത്തിലെത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തിന്‍റെ ഈ രാജ്യാന്തര ബന്ധങ്ങൾ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ് കസ്റ്റംസും.

എൻ ഐ ഐ കണ്ടെത്തിയ തെളിവുകൾ പലതും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്‍റെ സംഘാംഗങ്ങളുമായി കേരളത്തിലെ ചില സ്വർണക്കടത്ത്ക്കാർക്കുള്ള ഇടപാടുകളും വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ ഒരു പ്രതി നേരത്തെ വിദേശത്ത് നിന്ന് തോക്ക് കടത്താൻ ശ്രമിച്ചപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് തോക്കുമായി പിടിയിലായിരുന്നു. അന്ന് ഈ കേസിന്‍റെ അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നില്ല. നേരത്തെ സ്വർണ്ണക്കടത്ത് കേസിന്‍റെ കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി കൂടുതൽ പ്രതികൾ സ്വാഭാവിക ജാമ്യം നേടിയത് കസ്റ്റംസിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ കസ്റ്റംസ് കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനിടെ സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ ഒരു പ്രതി കൂടി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.

അവസാനം അറസ്റ്റിലായ മുഹമ്മദ് അസ്ലമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.