സ്വര്‍ണ്ണക്കടത്തില്‍ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി കസ്റ്റംസ് ; പ്രതികള്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കും

Jaihind News Bureau
Tuesday, January 19, 2021

 

കൊച്ചി : സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി കസ്റ്റംസ് കമ്മീഷണര്‍ അടുത്ത മാസം ആദ്യം തന്നെ പ്രതികള്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കും. കുറ്റപത്രം കോടതിയിൽ നല്‍കുന്നതിന് മുമ്പ് പ്രതികള്‍ക്ക് ഷോകോസ് നല്‍കണമെന്നാണ് കസ്റ്റംസ് ചട്ടം. ഇതിന് മറുപടി ലഭിച്ച ശേഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കസ്റ്റംസിന്‍റെ നീക്കം. എല്ലാ പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യില്ല. ചില പ്രതികളെ നികുതിയും പിഴയും നല്‍കി വിചാരണയില്‍ നിന്ന് ഒഴിവാകുമെന്നാണ് സൂചന.

കഴിഞ്ഞ ജൂലൈ 5 നാണ് നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. കേസില്‍ 26 പേരെയാണ് കസ്റ്റംസ് ഇത് വരെ പ്രതിചേര്‍ത്തത്. ഗൂഢാലോചനയിലും കള്ളക്കടത്തിലും നേരിട്ട് പങ്കെടുത്തവരെയെല്ലാം കണ്ടെത്തിയെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. വിദേശത്തുള്ളവരൊഴികെ എല്ലാവരും പിടിയിലായി. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങുന്നത്. എന്‍ഐഎയെയും ഇഡിയെയും പോലെ കസ്റ്റംസിന് നേരിട്ട് കുറ്റപത്രം നല്‍കാനാവില്ല. കസ്റ്റംസ് ചട്ട പ്രകാരം കസ്റ്റംസ് കമീഷണര്‍ പ്രതികള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം.

ഒരോ പ്രതിയുടെയും കുറ്റങ്ങള്‍ വ്യക്തമാക്കിയ ശേഷം ഇക്കാര്യത്തില്‍ മറുപടി ആവശ്യപ്പെടുകയാണ് ഷോക്കാസ് നോട്ടീസിലൂടെ ചെയ്യുന്നത്. കമ്മീഷണര്‍ക്ക് മുന്നില്‍ നേരിട്ടോ അതല്ലെങ്കില്‍ അഭിഭാഷകന്‍ വഴിയോ മറുപടി നല്‍കാം. തുടര്‍ന്ന് ഏതെല്ലാം പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്ന് കമീഷണര്‍ ഉത്തരവിറക്കും. കുറ്റകൃത്യത്തിന്‍റെ സ്വഭാവം അനുസരിച്ച്‌ ചില പ്രതികള്‍ നികുതിയും പിഴയും മാത്രം അടച്ചാല്‍ മതിയെന്ന് കമ്മീഷണര്‍ക്ക് തീരുമാനിക്കാം. കേസില്‍ ഫൈസല്‍ ഫരീദ് ഉള്‍പ്പെടെ വിദേശത്തുള്ള ചില പ്രതികളെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ ലഭിക്കുന്ന മുറയ്ക്ക് അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കും.