‘സ്വര്‍ണ്ണക്കടത്തിന് രാഷ്ട്രീയപാര്‍ട്ടിയെ മറയാക്കി, അർജുനെ സംരക്ഷിക്കുന്നത് കൊടി സുനിയും ഷാഫിയും’ ; കസ്റ്റംസ് കോടതിയില്‍

Jaihind Webdesk
Tuesday, July 6, 2021

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന് രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കിയെന്ന് കസ്റ്റംസ് കോടതിയില്‍. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്. കസ്റ്റംസിന്‍റെ കസ്റ്റഡി ആവശ്യം കോടതി തള്ളി.

കണ്ണൂരിലെ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് പിന്നിൽ ടി.പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയുമാണെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് സംഘം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ബന്ധം കാണിച്ച്‌ യുവാക്കളെ ആകര്‍ഷിച്ചു. ഇവരെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നും  സംഘത്തിന് കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചെന്നും കസ്റ്റംസ്.

സ്വർണ്ണക്കടത്തിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണം.  അര്‍ജുന്‍ ആയെങ്കിയെ 7ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് അവശ്യം കോടതി തള്ളി.  കേസുമായി ബന്ധപ്പെട്ട് അർജുൻൻ്റെ ഭാര്യ അമല, കണ്ണൂരിലെ മുൻ ഡി.വൈ.എഫ്.ഐ നേതാവ് സജേഷ് അടക്കമുള്ളവരുടെ മൊഴി അർജുനെതിരാണെന്നും കസ്റ്റംസ് കോടതിയെ ബോധിപ്പിച്ചു.

സ്വർണ്ണക്കടത്തുകാർക്ക് സംരക്ഷണം ഒരുക്കുന്ന ടി.പി കേസ് പ്രതി ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇലക്‌ട്രോണിക് തെളിവുകള്‍ കണ്ടെത്തിയെന്നും കൊടി സുനിയുടെ വീട് അടച്ചിട്ടതിനാല്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നും കസ്റ്റംസ് അറിയിച്ചു. അതേസമയം  കസ്റ്റംസ് സംഘം തന്നെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയിൽ പറഞ്ഞു.