ഐ ഫോണില്‍ കോടിയേരിയുടെ ഭാര്യക്ക് മൂന്നാമതും നോട്ടീസ് ; ഹാജരായില്ലെങ്കില്‍ വാറന്‍റ്

Jaihind News Bureau
Wednesday, March 24, 2021

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന് മൂന്നാമതും കസ്റ്റംസ് നോട്ടീസ് . കേസിലെ പ്രതി സന്തോഷ് ഈപ്പനിൽ നിന്ന് ഐഫോൺ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസയച്ചത്. ഈ മാസം 30 നാണ്  ചോദ്യം ചെയ്യല്‍. കഴിഞ്ഞ രണ്ട് തവണ നോട്ടീസയച്ചെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. 30 നും ഹാജരായില്ലെങ്കിൽ കോടതി വഴി വാറൻ്റ് അയക്കുമെന്ന് നോട്ടീസിൽ കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യു.എ.ഇ കോണ്‍സുൽ ജനറലിന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന്  ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് വിനോദിനിയെ വിളിപ്പിച്ചിരിക്കുന്നത് . സന്തോഷ് ഈപ്പനെ അറിയില്ലെന്നും, താൻ ഫോൺ വാങ്ങിയിട്ടില്ലെന്നുമാണ് വിനോദിനി മാധ്യമങ്ങളോട് പറഞ്ഞത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കരാറിന് പ്രത്യുപകാരമായി യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐ ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.