കരിപ്പൂർ സ്വര്‍ണ്ണക്കടത്ത് : ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന ; ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Jaihind Webdesk
Wednesday, July 14, 2021

കണ്ണൂർ : കരിപ്പൂർ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി.

കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസിന്‍റെ നേതൃത്വത്തിലാണ് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ പരിശോധന നടത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് കസ്റ്റംസിന്‍റെ ഏഴംഗ സംഘം പരിശോധനക്ക് എത്തിയത്. റെയ്ഡിന് മുന്‍പ് പൊലീസ് സഹായം കസ്റ്റംസ് തേടിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണി അർജ്ജുൻ ആയങ്കിയുടെ മൊഴിയിൽ ആകാശ് തില്ലങ്കേരിയുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. സ്വർണ്ണം പൊട്ടിക്കുന്ന സംഘത്തെ നിയന്ത്രിക്കുന്നതിൽ ഒരാൾ ആകാശ് തില്ലങ്കേരിയാണെന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു.

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യംചെയ്തതിൽ നിന്നും ആകാശിന്‍റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിരുന്നു. വെള്ളിയാഴ്ച ചോദ്യചെയ്യലിന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാകാന്‍ ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക് അന്തർസംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആകാശ് തില്ലങ്കേരിയുടെയും അർജ്ജുൻ ആയങ്കിയുടെയും അടുത്ത സുഹൃത്തുക്കളിലേക്കും അന്വേഷണം നീളും.