കസ്റ്റഡി മരണം: പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, April 2, 2025

ആദിവാസി യുവാവിനെ പോലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ ദുരൂഹതയേറുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്തു കൊണ്ടാണ് ബന്ധുക്കളെ കാണിക്കാന്‍ പോലീസ് സമ്മതിക്കാത്തതെന്നും ദുരൂഹ മരണത്തെ കുറിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിന് പ്രായപൂര്‍ത്തി ആയിരുന്നില്ല. ഗോകുല്‍ ജനിച്ചത് 2007 മെയ് 5 നാണ്. 18 വയസ്സ് തികയാന്‍ രണ്ടുമാസം ബാക്കി നില്‍ക്കെയാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഗോകുലിന്റെ വയസ്സ് തെളിയിക്കുന്ന രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

തിങ്കളാഴ്ച വൈകിട്ടോടെയാണ് കോഴിക്കോട് നിന്നും ഗോകുലിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ശേഷം ഒരു ദിവസം മുഴുവന്‍ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. പിറ്റേന്ന് ഗോകുലിനെ സ്‌റ്റേഷന്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.