യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ട് ദിവസങ്ങള്‍ ഏതാണ്ട് കഴിഞ്ഞു. ഇതുവരെ ഒന്ന് ഉരിയാടാന്‍ പോലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തയാറായിട്ടില്ല. ആഭ്യന്തര വകുപ്പും അടക്കി ഭരിക്കുന്ന പിണറായിക്ക് ഇത്രയും ക്രൂരത കാട്ടിയ സ്വന്തം വകുപ്പിന് കീഴിലുള്ളവര്‍ക്കെതിരെ ഒന്നും പറയാനില്ല. ഇത്രയും വിവാദമായ ഒരു വിഷയത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന് പോലും തയാറാവാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏത് തരത്തിലാണ് എന്ന് കൂടി ഈ അവസരത്തില്‍ പുറത്തു വരുകയാണ്.
ഇവരെ സ്ഥലംമാറ്റിക്കൊണ്ട് നേരത്തെ നടപടി എടുത്തിരുന്നെന്നും, ഒരു കുറ്റത്തിന് രണ്ട് നടപടി വേണ്ട എന്നുമായിരുന്നു സുജിത്തിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നിലപാട് എടുത്തത്. എന്നാല്‍ പൊതുജനരോഷം വലിയ തോതില്‍ ഉയര്‍ന്നതോടെയാണ് ഈ നിലപാട് മാറ്റി നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നത്. തികച്ചും ന്യായീകരിക്കാന്‍ കഴിയാത്ത, കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് സുജിത്തിന് നേരെയുണ്ടായത്.