KERALA POLICE| വീണ്ടും കസ്റ്റഡി മര്‍ദനം; പീച്ചി പോലീസ് സ്‌റ്റേഷനിലും സമാന സഭവം; പ്രതിക്കൂട്ടിലായി കേരള പോലീസ്

Jaihind News Bureau
Sunday, September 7, 2025

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയുണ്ടായ കസ്റ്റഡി മര്‍ദ്ദനത്തിന് പിന്നാലെ പീച്ചി പോലീസ് സ്റ്റേഷനിലും സമാന സംഭവം നടന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്നര വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

2023 മേയ് 24-ന് ഹോട്ടലിലെ ഭക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ഹോട്ടല്‍ മാനേജരായ റോണി ജോണി, ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പ് എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അന്ന് എസ്.എച്ച്.ഒ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തില്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചതായി ഹോട്ടല്‍ ഉടമ ഔസേപ്പ് പറയുന്നു. മര്‍ദ്ദനവിവരം അറിഞ്ഞ് സ്റ്റേഷനിലെത്തിയ ഔസേപ്പിന്റെ മകന്‍ പോള്‍ ജോസഫിനെയും പോലീസ് ലോക്കപ്പിലാക്കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ആവശ്യപ്പെട്ടെന്നും ഔസേപ്പ് വെളിപ്പെടുത്തി.

സംഭവത്തില്‍ പരാതി നല്‍കിയ പാലക്കാട് വണ്ടാഴി സ്വദേശി, കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ഔസേപ്പ് ആരോപിച്ചു. ഇതില്‍ 3 ലക്ഷം രൂപ പോലീസിനുള്ളതാണെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നതായി ഔസേപ്പ് കൂട്ടിച്ചേര്‍ത്തു. ഈ 5 ലക്ഷം രൂപ സിസിടിവി ക്യാമറയുടെ മുന്നില്‍ വെച്ചാണ് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ആരും മര്‍ദ്ദിച്ചില്ലെന്ന് പരാതിക്കാരന്‍ മൊഴി നല്‍കി ജില്ലാ അതിര്‍ത്തി കടന്നുപോയ ശേഷമാണ് പോലീസ് ജീവനക്കാരെ വിട്ടയച്ചതെന്നും ഔസേപ്പ് പറഞ്ഞു.

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വഴി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി ഔസേപ്പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും, മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന് ശേഷം മാത്രമാണ് പോലീസ് ദൃശ്യങ്ങള്‍ കൈമാറിയത്. മര്‍ദ്ദനം വ്യക്തമായി തെളിഞ്ഞിട്ടും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഔസേപ്പ് പറയുന്നു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ് അദ്ദേഹം. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കെടുത്ത എസ്.ഐയെക്കൂടി കേസില്‍ പ്രതിചേര്‍ക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഔസേപ്പ്.