Ramesh Chennithala| കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനം: പോലീസ് സ്റ്റേഷനുകള്‍ ഇടിമുറികളാകുന്നു; മുഖ്യമന്ത്രി അടിയന്തരമായി കര്‍ശന നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, September 4, 2025

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേരിട്ട ക്രൂര പീഡനത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. പോലീസ് സ്റ്റേഷനുകള്‍ രാഷ്ട്രീയ എതിരാളികളെ മര്‍ദ്ദിക്കാനുള്ള ഇടിമുറികളോ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളോ ആകരുതെന്നും, കേരള പോലീസിന് ഈ സംഭവം ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരായ പോലീസുകാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ല. അവര്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കണം. കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. ആചാരലംഘനം നടത്തി അയ്യപ്പഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചതിനാണ് മുഖ്യമന്ത്രി മാപ്പ് പറയേണ്ടത്. ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ നല്‍കിയ അഫിഡവിറ്റ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ അഫിഡവിറ്റ് പിന്‍വലിക്കാന്‍ തയ്യാറുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ഭക്തജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി ശബരിമലയോട് അനാദരവ് കാണിച്ച മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഇപ്പോള്‍ നാട് ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ടാണ് ഈ ‘ആഗോള അയ്യപ്പ സംഗമം’ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.