കുസാറ്റ് ദുരന്തത്തില്‍ വൈസ്ചാന്‍സലറെ പുറത്താക്കണം; ജുഡീഷ്യല്‍ അന്വേഷണം നടത്തണം, ഗവര്‍ണര്‍ക്ക് പരാതി

Jaihind Webdesk
Monday, November 27, 2023

 

കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കുസാറ്റ് വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്.

യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വൈസ് ചാന്‍സലര്‍ ഡോ. പിജി ശങ്കരന്‍ വീഴ്ചവരുത്തിയെന്നും അതിനാല്‍ തല്‍സ്ഥാനത്തുന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നുമെന്നും പരാതിയില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ആവശ്യപ്പെട്ടു. നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യല്‍
അന്വേഷണം നടത്താന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ശിപാര്‍ശ ചെയ്യണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ 2015 ല്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂര്‍ സ്വദേശിനിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ എല്ലാ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ 2015ല്‍ തന്നെ നിര്‍ദ്ദേശവും നല്‍കിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ കുസാറ്റിലും ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിസി ചുമതലപ്പെടുത്തുന്ന അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പസ്സില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നതെന്നും സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിന്‍ പ്രവര്‍ത്തകര്‍ പറയുന്നു.എന്നാല്‍ കുസാറ്റില്‍ ഇപ്പോള്‍ നടന്ന ടെക് ഫെസ്റ്റില്‍ അത്തരത്തിലുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ ഏകോപ്പിപ്പിക്കാന്‍ ചുമലതപ്പെട്ട യൂത്ത് ഫെല്‍ഫയര്‍ ഡയറക്ടര്‍ പി.കെ. ബേബിയെ തന്നെ അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ വിസി കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരിക്കുന്നത് പൊതുസമൂഹത്തെ അപഹസിക്കുന്നതിനു തുല്യമാണെന്നും ഇവര്‍ ആരോപിച്ചു. മുന്‍ കാലങ്ങളിലെ പോലെ സീനിയര്‍ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് ഫെസ്റ്റിന്റെ മേല്‍നോട്ടചുമതല നല്‍കുന്നതിനുപകരം നടത്തിപ്പിന്റെ പൂര്‍ണ ചുമതല വിസി,വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് നല്‍കുകയായിരുന്നു. പരിപാടികളുടെ മേല്‍നോട്ടത്തിന് അധ്യാപക സാന്നിധ്യം ഉണ്ടാകണമെന്നും രക്ഷാ ചുമതലയ്ക്ക് പൊലീസിന്റെയും വിരമിച്ച സൈനികരുടെയും സേവനം ഉപയോഗിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായില്ല. 2015 ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചിരുന്നുവെങ്കില്‍ കുസാറ്റില്‍ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ദുരന്തം ഒഴിവാകുമായിരുന്നുവെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.